സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്‌ബോള്‍ ആവേശം വിരുന്നെത്തുന്നു

മലപ്പുറം: സന്തോഷ് ട്രോഫിക്കു ശേഷം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഫുട്‌ബോള്‍ ആവേശം വിരുന്നെത്തുന്നു. നിലവിലെ ചാംപ്യന്മാരായ ഗോകുലം എഫ്‌സി പുതിയ സീസണ്‍ ഐ ലീഗില്‍ ആദ്യത്തെ 6 ഹോം മാച്ചുകള്‍ പയ്യനാട്ട് കളിക്കും. ഈ മാസം 29നു മുഹമ്മദന്‍സിനെതിരെയായിരിക്കും ആദ്യ മത്സരം.
ഫെഡറേഷന്‍ കപ്പിനും സന്തോഷ് ട്രോഫിക്കും വേദിയൊരുക്കിയ പയ്യനാട് സ്റ്റേഡിയത്തില്‍ ആദ്യമായാണ് ഐ ലീഗ് മത്സരം നടക്കാന്‍ പോകുന്നത്. കഴിഞ്ഞ മേയില്‍ നടന്ന സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മത്സരങ്ങള്‍ക്കു കാണികള്‍ നിറഞ്ഞൊഴുകിയ പയ്യനാട് സ്റ്റേഡിയം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.
12 ടീമുകളാണു ഇത്തവണ ഐ ലീഗിലുള്ളത്. ജേതാക്കള്‍ക്ക് അടുത്ത സീസണിലെ ഐഎസ്എലില്‍ പ്രവേശനം ലഭിക്കും. 2017ല്‍ മലപ്പുറം ആസ്ഥാനമാക്കിയാണു ഗോകുലം എഫ്‌സി ക്ലബ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, ജില്ലയില്‍ ഐ ലീഗ് നിലവാരമുള്ള സ്റ്റേഡിയം ലഭ്യമല്ലാത്തതിനാല്‍ ഹോം ഗ്രൗണ്ട് കോഴിക്കോട്ടെ ഇഎംഎസ് സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.
പയ്യനാടിനു പുറമേ, ഹോം മത്സരങ്ങള്‍ക്ക് ഇത്തവണയും കോഴിക്കോട് വേദിയാകും. ആരാധകര്‍ക്കിടയില്‍ ‘മലബാറിയന്‍സ്’ എന്ന് വിളിപ്പേരുള്ള ഗോകുലം ചുരുങ്ങിയ കാലയളവില്‍ ഒട്ടേറെ ട്രോഫികള്‍ നേടിയിട്ടുണ്ട്. രണ്ടു ഐ ലീഗ് കിരീടവും ഡ്യുറാന്‍ഡ് കപ്പും ഇതിനകം ടീം സ്വന്തമാക്കിക്കഴിഞ്ഞു.
ആദ്യമായി ഐ ലീഗ് കിരീടം നിലനിര്‍ത്തിയ ടീം, ലീഗ് ചാംപ്യന്മാരായ ആദ്യ കേരള ടീം എന്നീ റെക്കോര്‍ഡുകളും ഗോകുലത്തിനു സ്വന്തം. കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മലപ്പുറത്ത് മലബാറിയന്‍സിന്റെ മത്സരം കാണാന്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒഴുകിയെത്തുമെന്ന് തീര്‍ച്ച.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]