മലപ്പുറത്തെ നീന്തല്‍ താരങ്ങളെ കാണാന്‍ അമേരിക്കന്‍ ഒളിമ്പിക് താരങ്ങളെത്തി..

മലപ്പുറത്തെ നീന്തല്‍ താരങ്ങളെ കാണാന്‍ അമേരിക്കന്‍ ഒളിമ്പിക് താരങ്ങളെത്തി..

മലപ്പുറം: മലപ്പുറം ചേലേമ്പ്ര സ്വീംഫിന്‍ നീന്തല്‍ അക്കാദമി താരങ്ങളെ കാണാനും അവരുടെ പരിശീലനക്കുളം കാണാനുമായി അരിസ്വാനയില്‍ നിന്നുള്ള ഒളിമ്പിക്‌സ് നീന്തല്‍ താരങ്ങളായ ജൂലിയ ഹാബോബും നോറ സെലസ്‌കിയും ചേലേമ്പ്രയില്‍ എത്തി. ചെന്നൈയിലെ യു . എസ് കോണ്‍സുലേറ്റിന്റെ നേതൃത്ത്വത്തില്‍ പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനവും ശാക്തീകരണവും ലക്ഷ്യമിട്ട് ഗോതീശ്വരം ബീച്ചില്‍ നടന്ന റൈഡിങ്ങ് ദി വേവ് (തിര മേലുള്ള സവാരി ) എന്ന പരിശീലന പരിപാടിയില്‍ പരിശീലകരായാണ് അവര്‍ കേരളത്തില്‍ എത്തിയത്. ഗോതീശ്വരത്ത് നടന്ന പരിശീലനത്തില്‍ അക്കാദമിയില്‍ നിന്നുള്ള പി. അശ്വനി, ദേവിക സ്മനീഷ് എന്നീ വിദ്യാര്‍ത്ഥികളും പരിശീലന സഹായിയായി അക്കാദമി കോച്ച് ഹാഷിര്‍ ചേലൂപ്പാടവും പങ്കെടുത്തിരുന്നു. ഇവരില്‍ നിന്നും അക്കാദമിയെ കുറിച്ചറിഞ്ഞാണ് ഇവിടുത്തെ പരിശീലന കുളവും മറ്റ് വിദ്യാര്‍ത്ഥികളെ കാണാനും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി വിദേശ താരങ്ങള്‍ എത്തിയത്. അക്കാദമിയുടെ പരിശീലന വേദിയായ ചേലേമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള ഇടിമുഴിക്കല്‍ പള്ളിക്കുളത്തില്‍ എത്തിയ അവര്‍ , ഇത്രയും പരിമിതമായ സൗകര്യങ്ങളില്‍ നിന്നും മിന്നും താരങ്ങളെ സൃഷ്ടിച്ചെടുത്ത കോച്ച് ഹാഷിറിന്റെ മികവിനെയും താരങ്ങളുടെ കഠിന പ്രയത്‌നത്തേയും പ്രശംസിച്ചു. മാത്രമല്ല എല്ലാ സൗകര്യങ്ങളിലും പരിശീലനം നടത്തി അവര്‍ നേടിയ മെഡലുകളെക്കാള്‍ മികച്ചതാണ് ഈ പരിമിതമായ സൗകര്യത്തില്‍ നിന്നും കുട്ടികള്‍ നേടിയ വിജയങ്ങളെന്നും അവര്‍ പറഞ്ഞു. കുട്ടികളും രക്ഷിതാക്കളും അക്കാദമി അംഗങ്ങളും ചേര്‍ന്ന് നല്‍കിയ നാടന്‍ വിഭവങ്ങള്‍ കൊണ്ടൊരുക്കിയ വിരുന്നിലും പക്കെടുത്താണ് അവര്‍ മടങ്ങിയത്. എന്ത് ആവശ്യങ്ങളുണ്ടെങ്കിലും ബന്ധപ്പെടണമെന്നും ഇനിയുള്ള വിജയങ്ങള്‍ അറിയിക്കണമെന്നും അവര്‍ അറിയിച്ചു.
പരിമിതികള്‍ ഏറെയുള്ള ഇടിമുഴിക്കല്‍ പള്ളിക്കുളത്തില്‍ കോച്ച് ഹാഷിര്‍ ചേലൂപ്പാടത്തിന്റെ ശിക്ഷണത്തില്‍ നീന്തല്‍ അഭ്യസിച്ച് നേരത്തെ മലപ്പുറം ജില്ലാ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍മാരായ അക്കാദമി മലപ്പുറം ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ജില്ലയെ മൂന്നാം സ്ഥാനത്തെത്തിക്കുകയും ചെയ്തിരുന്നു. ആയിരത്തോളം കുട്ടികള്‍ക്ക് ഹാഷിര്‍ ഇതിനകം തന്നെ നീന്തല്‍ അഭ്യസിപ്പിച്ച് കഴിഞ്ഞു. ചേലേമ്പ്രയില്‍ ആധുനിക സൗകര്യങ്ങളുള്ള നീന്തല്‍ കുളം യാഥാര്‍തലഭ്യമാക്കാന്‍ അധികാരികള്‍ക്ക് അപക്ഷ നല്‍കി കാത്തിരിക്കയാണ് അക്കാദമി.

 

Sharing is caring!