പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ജനകീയ മുഖമാക്കി മാറ്റാനുള്ള ശ്രമങ്ങളുമായി  എസ്.ഡി.പി.ഐ

പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ജനകീയ മുഖമാക്കി മാറ്റാനുള്ള ശ്രമങ്ങളുമായി  എസ്.ഡി.പി.ഐ

മലപ്പുറം: പോപ്പുലര്‍ഫ്രണ്ട് നിരോധനത്തിന് ജനകീയ മുഖവുമായിമാറാന്‍ ശ്രമങ്ങളുമായി എസ്.ഡി.പി.ഐ.  പോപ്പുലര്‍ഫ്രണ്ടിന്റെ  രാഷ്ട്രീയ വിഭാഗമായ  എസ്.ഡി.പി.ഐയുടെ  ധന ഇടപാടുകള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് നിരോധനം വേട്ടയാടനുള്ള സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സമൂഹത്തില്‍ സജീവമാകാനും, പോപ്പുലര്‍ഫ്രണ്ട് നിരോധനം ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളില്‍നിന്നും അകലംപാലിക്കാനും എസ്.ഡി.പി.ഐ തീരുമാനിച്ചത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ മലപ്പുറം ജില്ലയില്‍ ലഹരിമുക്ത കാമ്പയിന്‍ നടത്താന്‍  എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മലപ്പുറം ജില്ലയെ സമ്പൂര്‍ണ ലഹരി മുക്ത ജില്ലയാക്കുന്നതിന് വേണ്ടി ഒകേ്ടാബര്‍ ഒന്നുമുതല്‍ 15 വരെയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
കുടുംബ ബന്ധങ്ങള്‍ ശിഥിലമാവുന്ന, പഠനത്തില്‍ പിന്നാക്കം പോവുന്ന, ആരോഗ്യത്തെ ബാധിക്കുന്ന, സര്‍വ്വ മേഖലകളിലും ദുരന്തം വിതക്കുന്ന മഹാമാരിയായ ലഹരിക്കെതിരെ എല്ലാവരും ഒരുമിച്ചു കൈകോര്‍ക്കണമെന്നും എസ്.ഡി.പി.മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആഹ്വാനംചെയ്തു. കൗമാര-യുവ തലമുറയെ ഈ മഹാ വിപത്തില്‍ നിന്നും സംരക്ഷിക്കുവാന്‍ ആവശ്യമായ ബോധവത്കരണം, ബോര്‍ഡ് സ്ഥാപിക്കല്‍, കൗണ്‍സലിംഗ്, ലഹരി വിരുദ്ധ റാലി തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. ഇതുസംബന്ധിച്ചയോഗത്തില്‍ എസ്.ഡി.പി.ഐ മലപ്പുറം . ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്‌റഫ് , ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സാദിഖ് നടുത്തൊടി, മുസ്തഫ പാമങ്ങാടന്‍, വൈസ് പ്രസിഡന്റുമാരായ സൈതലവി ഹാജി,അരീക്കന്‍ ബീരാന്‍ കുട്ടി, ട്രഷറര്‍ കെസി. സലാം , എ.കെ അബ്ദുല്‍ മജീദ്, മുര്‍ശിദ് ശമീം, ഷെരീ ഖാന്‍ പ്രസംഗിച്ചു.അതേ സമയം പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ര്ടീയ മുഖമായ എസ്.ഡി.പി.ഐനിരോധിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എസ്.ഡി.പിഐയ്ക്കു രാഷ്ട്രീയ പാര്‍ട്ടയായതിനാല്‍ തന്നെ മറ്റു സംഘടനകളെപോലെ നിരോധനത്തിന് സാധിക്കില്ല. ഇരുസംഘടനകളിലേയും പ്രവര്‍ത്തകര്‍ ഒരേ ആളുകള്‍ ആയതിനാല്‍തന്നെ ശക്തമായ നിരീക്ഷണം ഈ സംഘടനയ്ക്ക് മേലുണ്ടാകും. 2018 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. സംഘടനയുടെ ഓഡിറ്റ് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഇക്കാലയളവില്‍ ഒന്‍പത് കോടിയോളം രൂപ എത്തിയിട്ടുണ്ട്. 2020-21 വര്‍ഷത്തില്‍ 2.9 കോടി രൂപയും ലഭിച്ചു. എന്നാല്‍ കണക്കില്‍ കാണിച്ചത് 22 ലക്ഷം രൂപ മാത്രമാണെന്ന ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.
2009 ജൂണ്‍ 21ന് ഡല്‍ഹിയിലാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ) രൂപീകൃതമായത്. ഡല്‍ഹിയില്‍ ചേര്‍ന്ന തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി. 2009 ഒകേ്ടാബര്‍ 18ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1200ഓളം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഡല്‍ഹിയിലെ മൂലങ്കാര്‍ ഹാളില്‍ എസ്.ഡി.പി.ഐയെ പൊതുസമൂഹത്തിന് മുന്നില്‍ പ്രഖ്യാപിച്ചത്. ആ യോഗത്തിലാണ് എസ്.ഡി.പി.ഐയുടെ ജനപ്രിയ മുദ്രാവാക്യമായ വിശപ്പില്‍ നിന്ന് മോചനം, ഭയത്തില്‍ നിന്ന് മോചനം പ്രഖ്യാപിക്കപ്പെട്ടത്. 2010 ഏപ്രില്‍ 13ന് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു.  ഡല്‍ഹി, ഗോവ, മധ്യപ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ര്ട, മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, കേരളം തുടങ്ങി ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി പാര്‍ട്ടിക്ക് ് കേഡര്‍മാരും അനുയായികളുമുണ്ട്.
ഈകാലയളവിനുള്ളില്‍തന്നെ  ഗോവ, തമിഴ്‌നാട്, കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഭരണസമിതികളില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും എസ്.ഡി.പി.ഐക്കുണ്ടായി.

Sharing is caring!