മലപ്പുറം ആനക്കയത്ത്‌ ഓട്ടോയും കാറും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു

മലപ്പുറം ആനക്കയത്ത്‌ ഓട്ടോയും കാറും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു

മഞ്ചേരി: മഞ്ചേരി ആനക്കയത്ത് കാഞ്ഞമണ്ണ സര്‍വീസ് സ്റ്റേഷനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നിയന്ത്രണം വിട്ട ഇന്നോവ കാര്‍ ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലെ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴി പൊട്ടേങ്ങല്‍ ഉസ്മാന്‍ (62), ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് എന്ന കുഞ്ഞുട്ടി (56) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ആനക്കയം ചെക്ക് പോസ്റ്റിന് സമീപം കാഞ്ഞമണ്ണയിലാണ് അപകടം. മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ഇന്നോവ കാര്‍. റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വള്ളിക്കാപ്പറ്റയില്‍ നിന്ന് മഞ്ചേരിയിലേക്ക് വരികയായിരുന്ന ഒട്ടോയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം പാടെ തകര്‍ന്നു. ഓട്ടോയെ തള്ളി നീക്കിയ കാര്‍ റോഡിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് പാഞ്ഞു കയറി തൊട്ടടുത്ത വീടിന്റ അടുക്കളക്ക് സമീപം വരെ എത്തി. വയനാട്ടിലേക്ക് പോകുന്നതിനായി ഓട്ടോയില്‍ മഞ്ചേരിയിലേക്ക് വരികയായിരുന്നു ഉസ്മാന്‍.
ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉസ്മാന്‍ സംഭവ സ്ഥലത്തു വെച്ചും അബ്ദുല്‍ ഹമീദ് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. മലപ്പുറം പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
പരേതനായ തച്ചറക്കുന്നുമ്മല്‍ കുഞ്ഞാലി-ആച്ചുമ്മ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഹമീദ്
ഭാര്യ: ബുഷ്റ. സഹോദരങ്ങള്‍: കോയക്കുട്ടി, ഖദീജ, ആയിഷ, പരേതനായ കുഞ്ഞിമുഹമ്മദ്. ചീരക്കുഴി പൊട്ടേങ്ങല്‍ മൂസക്കുട്ടി – കുഞ്ഞീതുമ്മ ദമ്പതികളുടെ മകനാണ് മരണപ്പെട്ട ഉസ്മാന്‍. ഭാര്യ: ജുബൈരിയ വടക്കുപുറം, മക്കള്‍: മുഹമ്മദ് ആഷിക്, നജ്ല, നജിയ, നിഷിദ. സഹോദരങ്ങള്‍: ഉമ്മര്‍, കുഞ്ഞിമുഹമ്മദ്, റുഖിയ, ഖദീജ, പരേതനായ അബു ഹാജി.

 

 

Sharing is caring!