ബ്രേസ്ലെറ്റ് കെട്ടിയതിന് കോളേജ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു

ബ്രേസ്ലെറ്റ് കെട്ടിയതിന് കോളേജ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചു

മലപ്പുറം: ബ്രേസ്ലെറ്റ് കെട്ടിയതിന് കോളേജ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി. പുറമണ്ണൂര്‍ മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് സംഭവം. ഒന്നാംവര്‍ഷ ബി.സി.എ. വിദ്യാര്‍ഥിയായ എടയൂര്‍ മണ്ണത്ത്പറമ്പ് പള്ളിയാലില്‍ മൊയ്തുട്ടിയുടെ മകന്‍ മുഹമ്മദ് മുഹിസുദ്ദീനെ (19)യാണ് മര്‍ദിച്ചത്. പരിക്കേറ്റ മുഹിസുദ്ദീന്‍ പെരിന്തല്‍മണ്ണ ക്രാഫ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഹിസുദ്ദീന്‍ പ്രിന്‍സിപ്പലിനു പരാതി നല്‍കി. പോലീസ് കേസെടുത്തിട്ടുണ്ട്. പകല്‍ കാമ്പസിനകത്തായിരുന്നു സംഭവമെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍. മുഹീസുദ്ദീന്‍ കൈയില്‍ക്കെട്ടിയ ബ്രേസ്ലെറ്റ് മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ അഴിക്കണമെന്നാവശ്യപ്പെട്ടു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് അഴിച്ചു. തുടര്‍ന്നും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു.

മുഹിസുദ്ദീന്റെ കണ്ണിനും മൂക്കിനും ചുണ്ടിനും പരിക്കുണ്ട്. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ ക്രാഫ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Sharing is caring!