മലപ്പുറം ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ മൂന്ന് പേരുടെ സ്വത്ത് വകകള്‍ പോലീസ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി

മലപ്പുറം ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ മൂന്ന് പേരുടെ സ്വത്ത് വകകള്‍ പോലീസ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി

മലപ്പുറം: രണ്ടാള്‍ എം.ഡി.എം.എ കടത്തി. മറ്റൊരാള്‍ കഞ്ചാവും, മലപ്പുറം ജില്ലയില്‍ മയക്കുമരുന്ന് കേസുകളില്‍ പ്രതികളായ മൂന്ന് പേരുടെ സ്വത്ത് വകകള്‍ പോലീസ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. 2021ല്‍ പെരിന്തല്‍മണ്ണ പോലീസ് 52.2 ഗ്രാം എം.ഡി.എം.എ പിടിച്ച കേസില്‍ പ്രതി പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയുടെ റെനോള്‍ട്ട് നിസാന്‍ കാറും 2020ല്‍ മലപ്പുറം പോലീസ് 318 കിലോഗ്രാം കഞ്ചാവ് പിടിച്ച പ്രതി ഇരുമ്പുഴി പറമ്പന്‍ കാരെകടവത്ത് വീട്ടിലെ അബ്ദുല്‍ ജബ്ബാറിന്റെ മാരുതി സെലേറിയോ കാറും 2021ല്‍ കാളികാവ് പൊലീസ് 20 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയ ചോക്കാട് നെച്ചിയില്‍ വീട്ടില്‍ ജിതിന്റെ മാരുതി സ്വിഫ്റ്റ് കാറും ഹ്യൂണ്ടായി ഇയോണ്‍ കാറുമാണ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറം എസ്.എച്ച്.ഒ ജോബി തോമസ്, കാളികാവ് എസ്.എച്ച്.ഒ ശശിധരന്‍ പിള്ള, പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ സി.അലവി എന്നിവരുടെ കണ്ടുകെട്ടല്‍ നടപടികള്‍ ചെന്നൈയിലെ എന്‍.ഡി.പി.എസ് ആക്ട് കോമ്പറ്റന്റ് അതോറിറ്റി ശരിവയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളുടെയും വിവരങ്ങള്‍ മലപ്പുറം നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ ശേഖരിച്ചു വരികയാണെന്നും അവര്‍ക്കെതിരെയും ശക്തമായ സ്വത്ത് കണ്ടുകെട്ടല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

 

Sharing is caring!