മലപ്പുറം പൂക്കോട്ടുംപാടത്ത് കാണാതായെന്ന് സഹോദരി പരാതി നല്‍കി ബാബുവിന്റെ മൃതദേഹം പുഴയില്‍നിന്നും ലഭിച്ചു

മലപ്പുറം പൂക്കോട്ടുംപാടത്ത് കാണാതായെന്ന് സഹോദരി പരാതി നല്‍കി ബാബുവിന്റെ മൃതദേഹം പുഴയില്‍നിന്നും ലഭിച്ചു

മലപ്പുറം: പൂക്കോട്ടുംപാടം ചേലോട് എസ്ടി കോളനിയില്‍ നിന്നു കാണാതായ ബാബു (48)വിനെ കരിമ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈ മാസം ഏഴിനു ബാബുവിനെ കാണാനില്ലെന്നു സഹോദരി അമ്പിളി പൂക്കോട്ടുംപാടം പോലീസില്‍ പരാതി നല്‍കിയിരുന്നു. മുണ്ടേരി സ്വദേശിയായ ഭാര്യയുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തി തനിച്ചാണ് ബാബു ഏറെ നാളായി കഴിഞ്ഞിരുന്നത്. മുണ്ടേരി ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന ബാബു ഓണാവധി കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. എന്നാല്‍ സഹോദരി സ്‌കൂളില്‍ പ്രധാനാധ്യാപകനെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ സ്‌കൂളിലും എത്തിയിട്ടില്ലെന്നു അറിയാന്‍ കഴിഞ്ഞത്. ഇതേ തുടര്‍ന്നു പൂക്കോട്ടുംപാടം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് കരിമ്പുഴയും പുന്നപ്പുഴയും സംഗമിക്കുന്ന ചുങ്കത്തറ മുക്കത്ത് പ്രദേശവാസികള്‍ ഒരു മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് എടക്കര ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസ്, നിലമ്പൂരില്‍ നിന്നു അഗ്‌നിരക്ഷസേനയുടെ യൂണിറ്റ്, എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തി. ഇആര്‍എഫ് അംഗങ്ങളാണ് മൃതദേഹം കരയിലെത്തിച്ചത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബാബുവിന്റെ സഹോദരി സംഭവസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

Sharing is caring!