സുപ്രീംകോടതിയോട് നന്ദി പറഞ്ഞ് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്

സുപ്രീംകോടതിയോട് നന്ദി പറഞ്ഞ് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്

മലപ്പുറം: യു.പി സര്‍ക്കാര്‍ ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്ന് ഭാര്യ റൈഹാനത്ത്. രണ്ടു വര്‍ഷം ജയിലില്‍ കിടന്നത് നിസ്സാരകാര്യമല്ല. കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായെന്നും ജാമ്യം അനുവദിച്ചതില്‍ നന്ദിയുണ്ടെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട സിദ്ദീഖ് കാപ്പന്‍ രണ്ടു വര്‍ഷത്തോളമായി യു.പിയിലെ ജയിലിലാണ്. അലഹബാദ് ഹൈകോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തര്‍ പ്രദേശിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലാകുന്നത്.
2020 ഒക്ടോബര്‍ മുതല്‍ യു.പിയിലെ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തിനെതിരെ യു.എ.പി.എക്കൊപ്പം ഇ.ഡി കേസും ചുമത്തിയിരുന്നു. ഇ.ഡി കേസില്‍ കൂടി ജാമ്യം നേടിയാല്‍ കാപ്പന് ജയില്‍ മോചിതനാകാനാകും. സിദ്ദീഖ് കാപ്പനെതിരെ വിശ്വാസയോഗ്യമായ തെളിവില്ലെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പ്രതികരിച്ചു.

ഇരക്ക് നീതി വേണമെന്ന് പറയുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്ന് സുപ്രീം കോടതി. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ യു.പി സര്‍ക്കാറിന് വേണ്ടി ഹാജരായ മ?ഹേഷ് ജത്മലാനിയോടായിരുന്നു ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
”ഓരോ വ്യക്തിക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള അവകാശമുണ്ട്. ഇരക്ക് നീതി വേണമെന്ന് കാണിക്കാനും ഒരു പൊതു ശബ്ദം ഉയര്‍ത്താനുമാണ് അദ്ദേഹം ശ്രമിച്ചത്. ഇത് നിയമത്തിന്റെ മുന്നില്‍ ഒരു കുറ്റമാണോ?” എന്നിങ്ങനെയായിരുന്നു കോടതിയുടെ ചോദ്യം.
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് എഴുനൂറിലേറെ ദിവസം നീണ്ട ജയില്‍വാസത്തിന് ശേഷം സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറില്‍ ഹാഥറസിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം അറസ്റ്റിലായത്. ആറാഴ്ച ദില്ലിയില്‍ കഴിയണമെന്നും അതുകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാമെന്നും കോടതി അറിയിച്ചു. കേരളത്തിലെത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളി. സിദ്ദീഖ് കാപ്പന് അലഹബാദ് ഹൈകോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

Sharing is caring!