എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

മലപ്പുറം: എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളില്‍ നിന്നാണ് മൂന്നുപേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ്(63), അലനല്ലൂര്‍ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീര്‍ (21), താമരശ്ശേരി പൂനൂര്‍ സ്വദേശി ആലപ്പടിക്കല്‍ മുഹമ്മദ് റിയാസ്(33) എന്നിവരാണ് അറസ്റ്റിലായ
മലപ്പുറം ജില്ലയ്ക്കകത്ത് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഓണാഘോഷത്തോടനുബന്ധിച്ച് വില്‍പ്പന നടത്താനായി സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാംപുകള്‍,കഞ്ചാവ് ,ഹെറോയിന്‍,ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ വന്‍തോതില്‍ ശേഖരിച്ചുവച്ചിരിക്കുന്ന സംഘങ്ങളെ കുറിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പ്രത്യേക സംഘം ജില്ലാ അതിര്‍ത്തികളിലും സ്റ്റേഷന്‍പരിധികളിലും ഒരാഴ്ചയോളം നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പോലീസ് സംഘം മാട് റോഡില്‍ കുന്നുംപുറത്ത് നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോയില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോഗ്രാം കഞ്ചാവുമായി മണ്ണാര്‍ക്കാട് തച്ചംപാറ സ്വദേശി മണ്ണേത്ത് യൂസഫ് (63 ), നെ അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ചുള്ള ഏജന്റുമാര്‍ മുഖേന വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പെരിന്തല്‍മണ്ണ ടൗണില്‍ വച്ച് 65 ഗ്രാം ക്രിസ്റ്റല്‍ എംഡി എംഎ മയക്കുമരുന്നുമായി അലനെല്ലൂര്‍ കാട്ടുക്കുളം സ്വദേശി പാലപ്പുറത്ത് അമീര്‍ (21) പിടിയിലായത് .അന്താരാഷ്ട്രമാര്‍ക്കറ്റില്‍ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന ക്രിസ്റ്റല്‍ എംഡിഎംഎ ട്രാവല്‍ ബാഗിലൊളിപ്പിച്ചാണ് ബാംഗ്ലൂരില്‍ നിന്നു ജില്ലയിലെത്തിച്ചത്.

പാലക്കാട് ഹൈവേയില്‍ പാതായ്ക്കര വച്ചാണ് കാറില്‍ ഒളിപ്പിച്ച് കടത്തിയ ആറു കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി പൂനൂര്‍ സ്വദേശി ആലപ്പടിക്കല്‍ മുഹമ്മദ് റിയാസ് (33) നെ എസ്.ഐ.സി.കെ.നൗഷാദും സംഘവും അറസ്റ്റ് ചെയ്തത്.കാര്‍ റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത് വില്‍പ്പനയ്ക്കായി ശ്രമിക്കുന്നതിനിടെയൊണ് പ്രതിയെ കഞ്ചാവ് സഹിതം പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതില്‍ ലഹരി വില്‍പ്പന സംഘത്തിലെ മറ്റുകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതായും ജില്ലയില്‍ അടുത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലൊന്നാണ് പെരിന്തല്‍മണ്ണയിലേതെന്നും ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ അറിയിച്ചു.

മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തില്‍ സി.ഐ.സി.അലവി, എസ്.ഐ.സി.കെ.നൗഷാദ്,ജൂനിയര്‍എസ്.ഐ.എം,പി.ഷൈലേഷ്, എസ്.ഐ. സജീവ് കുമാര്‍, എ.എസ്.ഐ.ബൈജു, എസ്.സി.പി.ഒ മാരായ സന്ദീപ്,ഉല്ലാസ്,രാമകൃഷ്ണല്‍,രാകേഷ്,മുഹമ്മദ് സജീര്‍,കൈലാസ്,എന്നിവരും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷിന്റെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി .

Sharing is caring!