കരിപ്പൂരില്‍ ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്

കരിപ്പൂരില്‍ ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്

മലപ്പുറം: ലഗേജില്‍ പാര്‍സലായി കൊണ്ടുവന്ന സൈക്കിളിന്റെ മുന്‍ഭാഗത്തെ പെഡലിനുള്ളില്‍ സ്വര്‍ണക്കട്ടികള്‍ വെള്ളി നിറത്തിലാക്കി മാറ്റി ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊളിച്ച് പോലീസ്. യാത്രക്കാരനും ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാനെത്തിയ രണ്ടുപേരും കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി. സ്വര്‍ണക്കട്ടികള്‍ മെര്‍ക്കുറിയില്‍ കലര്‍ത്തിയാണ് വെള്ളി നിറത്തിലുള്ള ചെറിയ കട്ടികളാക്കി കടത്താന്‍ ശ്രമിച്ചത്. ഇവ പ്രത്യക്ഷത്തില്‍ സ്വര്‍ണമാണെന്ന് മനസിലാകില്ലെങ്കിലും ചൂടാക്കിയപ്പോള്‍ സ്വര്‍ണ നിറത്തിലേക്ക് മാറുകയായിരുന്നു. 832 ഗ്രാം ആണ് പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ ആകെ ഭാരം.

ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ എഐ 938 വിമാനത്തില്‍ യാത്രക്കാരനായ കാസര്‍കോട് മേല്‍പറമ്പ് കളനാട് വീട്ടില്‍ അബ്ദുല്‍ ബഷീറാണ് (36) ലഗേജില്‍ സൈക്കിന്റെ പെഡലിനകത്തു സ്വര്‍ണക്കട്ടികള്‍ ഒളിച്ചുകൊണ്ടുവന്നത്. തുടര്‍ന്നു ഇയാളില്‍ നിന്നും സ്വര്‍ണം വാങ്ങാന്‍ പുറത്തുകാത്തുനിന്ന കോസര്‍കോട് അരമങ്ങാനം അബ്ദുല്‍ മന്‍സിലില്‍ അബ്ദുള്ള കുഞ്ഞി (30), കാസര്‍കോട് കളനാട് ആയുങ്കല്‍ വീട്ടില്‍ മുഹമ്മദ് ജഹ്ഫര്‍ (27) എന്നിവരെയും കരിപ്പുര്‍ പോലീസ് പിടികൂടി. ഇവര്‍ എത്തിയ കെഎല്‍14 വൈ 2375 ബലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു കരിപ്പൂര്‍ എസ്‌ഐ നാസര്‍ പട്ടര്‍കടവന്റെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.

ദിവസങ്ങള്‍ക്കു മുമ്പു കരിപ്പൂര്‍ വിമാനത്തവളത്തില്‍ നിന്നും സ്വര്‍ണം കടത്തിയ കസ്റ്റംസ് സുപ്രണ്ട് മുനിയപ്പനെയും പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്നു കരിപ്പൂരിലെ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സംശയ നിഴലിലായിരുന്നു. കരിപ്പൂരിലെ വിവിധ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി രഹസ്യബന്ധമുള്ളതായ സൂചനാ ഫോണ്‍ കോളുകള്‍ പലതവണ പോലീസിന് എത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണോയെന്നും വിമാനത്തവളത്തിനു പുറത്തുവെച്ചു നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെങ്കിലെ ഇടപെടാന്‍ കഴിയൂവെന്ന നിലപാടിലായിരുന്നു പോലീസ്.

ഇത്തരത്തില്‍ വിമാനത്തവളത്തിന് പുറത്തുവെച്ചു നടന്ന നിയമ വിരുദ്ധപ്രവര്‍ത്തനത്തെ കുറിച്ചുളള രഹസ്യഫോണ്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ചതോടെയാണ് കസ്റ്റംസ് സൂപ്രണ്ടിന്റെ അറസ്റ്റിലേക്ക് വഴിവെച്ചത്. സമാനമായ പല ഉദ്യോഗസ്ഥരും സംശയ നിഴിലുള്ളതായി സൂചനയുണ്ട്. കരിപ്പൂരില്‍ വിമാനത്തവളത്തില്‍ നിന്നും അനധികൃത സ്വര്‍ണം കസ്റ്റംസ് സുപ്രണ്ട് സ്വര്‍ണം പുറത്തെത്തിച്ചത് 25,000 രൂപക്കായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം പുറത്തെത്തിച്ചു നല്‍കാമെന്ന ധാരണയുണ്ടാക്കിയതും മുനിയപ്പന്‍ തന്നെയായിരുന്നു.

അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ചുള്ള സ്വര്‍ണക്കടത്ത് വന്‍തോതില്‍ വര്‍ധിച്ചിരുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളില്‍ തുടരെ തുടരെ സ്വര്‍ണക്കടത്തുകള്‍ കസ്റ്റംസ് പിടികൂടുകയും ചെയ്തിരുന്നു. അഞ്ച് മാസത്തിനിടെ 19 കോടിയോളം രൂപ വില വരുന്ന 50 കിലോയോളം സ്വര്‍ണമാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പോലീസ് പിടികൂടിയിരുന്നത്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലെ കുടിപ്പകയുടെ ഭാഗമായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പലപ്പോഴും പോലീസ് സ്വര്‍ണം പിടികൂടാറുള്ളത്.

കസ്റ്റംസും പോലീസും അറിയാതെ പോവുന്ന സ്വര്‍ണക്കടത്ത് ഇതിന്റെ പലയിരട്ടി വരും. സ്വര്‍ണം കടത്തുന്നവരെ വിമാനത്താവളത്തില്‍ വെച്ച് തന്നെ പിടികൂടാനായാലേ സ്വര്‍ണക്കടത്ത് കുറയ്ക്കാനാവൂ. അതിവിദഗ്ദ്ധമായാണ് സ്വര്‍ണം കടത്തുന്നതെന്നതിനാല്‍ ഇവ കണ്ടുപിടിക്കാന്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും കസ്റ്റംസിന് ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കസ്റ്റംസില്‍ ജീവനക്കാരുടെ കുറവുണ്ട്. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ 43 കേസുകളിലായി 42 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികളില്‍ ഏറെയുമെന്ന് പോലീസ് പറഞ്ഞു. 25 വാഹനങ്ങളും പിടികൂടി. സ്വര്‍ണക്കടത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ വരെ നടക്കുന്നുണ്ട്

 

Sharing is caring!