സ്വന്തം ഭാര്യയെ ക്രൂരമായി ആക്രമിച്ച മലപ്പുറത്തെ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ഭാര്യയെ ക്രൂരമായി ആക്രമിച്ച മലപ്പുറത്തെ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: ഭാര്യയെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണവും തുടങ്ങി. മലപ്പുറം തിരൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുന്‍പും പൊലീസുകാരനായ ഭര്‍ത്താവില്‍ നിന്നും പല തവണ ക്രൂരമായ മര്‍ദനം ഉണ്ടായിരുന്നതായി യുവതി പറയുന്നു.

ഇക്കഴിഞ്ഞ ഇരുപതാം തീയതി തിരൂര്‍ സ്റ്റേഷനിലെ സിപിഒ ആയ ശൈലേഷ് ഭര്‍തൃഗൃഹത്തില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. കൊണ്ടോട്ടി സ്വദേശിയായ യുവതി മര്‍ദനത്തെത്തുടര്‍ന്ന് ബോധരഹിതയായി. തുടര്‍ന്ന് ഇവരുടെ വീട്ടുകാര്‍ എത്തിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെയും ശൈലേഷില്‍ നിന്നും ക്രൂരമായ മര്‍ദനം നേരിട്ടതായി യുവതി പറയുന്നു. നേരത്തെയും ശൈലേഷിനെതിരെ പരാതി നല്‍കിയെങ്കിലും പിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഗാര്‍ഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും.

 

Sharing is caring!