മലപ്പുറം ജില്ലയുടെ സമഗ്രവികസനത്തിന് പദ്ധതികള്‍ തയ്യാറാകുന്നു
മലപ്പുറം: മലപ്പുറം ജില്ലയുടെ നാനാമേഖലയെയും ഉള്‍പ്പെടുത്തിയുള്ള സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, വിവിധ ഏജന്‍സികള്‍ എന്നിവയുടെ കൂട്ടായ ശ്രമ ഫലമായി ദീര്‍ഘവീക്ഷണത്തോടു കൂടി തയ്യാറാക്കുന്ന പദ്ധതികള്‍ വഴി ജില്ലയുടെ വികസനക്കുതിപ്പിന് വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ വി.ആര് പ്രേംകുമാര്‍ പറഞ്ഞു. ജില്ലയിലെ മാദ്ധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് കളക്ടര്‍ ഇക്കാര്യം അവതരിപ്പിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ മേഖലകളില്‍ ജില്ല വന്‍നേട്ടമാണ് കൈവരിച്ചത്. 2021 മെയ് മാസത്തിന് ശേഷം ജില്ലയില്‍ പുതുതായി 14805 പേര്‍ക്ക് പട്ടയം നല്കി. അസംഘടിത തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച ഇ ശ്രാം പദ്ധതി, ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡായ യു.ഡി.ഐ.ഡി കാര്‍ഡ് എന്നിവയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ ചേര്‍ത്തത് ജില്ലയാണ്. ബാങ്ക് വായ്പ കുടിശ്ശികയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ലീഡ്ബാങ്കും സംയുക്തമായി മാര്‍ച്ചില്‍ നടത്തിയ റവന്യൂ റിക്കവറി ബാങ്ക് അദാലത്തില്‍ ലഭിച്ച 666 പരാതികളില്‍ 427 പരാതികള്‍ തീര്‍പ്പാക്കി. കോവിഡ് കാലത്തും നോട്ട് നിരോധന കാലത്തും പ്രതിസന്ധിയില്‍ പെട്ട് ജപ്തി ഭീഷണിയില്‍ പെട്ടവര്‍ക്ക് ഏറെ ആശ്വാസം പകരാന്‍ ഈ അദാലത്തുകള്ക്കായതായി കളക്ടര്‍ പറഞ്ഞു. 427 കേസുകളിലായി 7,53,61,680 രൂപയാണ് ഡിമാന്റ് സെറ്റില്‍മെന്റ് നടത്തിയത്. ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആരംഭിച്ച ‘ഡിജിറ്റല്‍ മലപ്പുറം പദ്ധതി വഴി ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി പ്രഖ്യാപിക്കാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യു റിക്കവറി ഇനത്തില്‍ ജില്ലയില്‍ നിന്നും 31.02 കോടി രൂപ സമാഹരിക്കാനായി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സമാഹരിച്ച ഏറ്റവും ഉയര്‍ന്ന തുകയാണിത്.
വ്യവസായ വികസനത്തിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നു വിലയിരുത്തി സ്വകാര്യ മേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയില്‍ കുറ്റിപ്പുറത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. പ്രകൃതി സൗഹൃദമായ ഇത്തരത്തലുള്ള കൂടുതല്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ ജില്ലയില്‍ ആരംഭിക്കും. ഒരു ഏക്കറിന് 30 ലക്ഷം എന്ന തോതില്‍ വായ്പ ഇതിന്റെ പ്രവര്‍ത്തനത്തിന് ലളിതമായ നിബന്ധനകളോടെ വായ്പയായി നല്‍കും.
സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ റവന്യു വിഭാഗത്തില്‍ ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി പരാതി ലഭിച്ചത് പരിശോധിച്ച് നടപടിയെടുക്കും.
ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ പത്ത്, പ്ലസ്ടു വിജയ ശതമാനം ഉയര്‍ത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി പദ്ധതികള്‍ ആവിഷ്കരിക്കും. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി പ്രത്യേക കോച്ചിംഗ് നല്‍കും. ആദിവാസി മേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്‍കും.
ജില്ലയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് വിവിധ വകുപ്പുകളെ കൂട്ടിയോജിപ്പിച്ച് കോളനികള്‍ സന്ദര്‍ശിച്ച് പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കി വരികയാണ്.
ജില്ലയിലെ ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. കുടുംബാംഗങ്ങള്‍ക്കും മറ്റും കൗണ്‍സിലിംഗ് നല്കി ഭിന്നലിംഗക്കാരെ അവരുടെ കുടുംബത്തോട് തന്നെ ചേര്‍ത്ത് നിര്‍ത്തുന്നതിനായുള്ള പദ്ധതികള്‍ നടപ്പാക്കും.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പിന്നാക്ക മേഖലയില്‍ നിന്നുള്ളവരെ ഉദ്യോഗങ്ങളിലെത്തിക്കുന്നതിനുമായി എംപ്ലോയ്മെന്റ് എക്സ് ചേഞ്ച്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തില്‍ പദ്ധതികള്‍ നടത്തി വരുന്നുണ്ട്. ഇത് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
ജില്ലയിലെ ലഹരി, മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി പൊതുജനസമ്പര്‍ക്ക വകുപ്പ്, എക്സൈസ്, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കും.
മാനസിക വെല്ലുവിളി ഉണ്ടാവാന്‍ സാദ്ധ്യതയുള്ള കുട്ടികളെ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്താനും ചികിത്സയ്ക്കും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയ്യാറാക്കി വരികയാണ്.
ജനവാസ മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും വനംവകുപ്പുമായി ചേര്‍ന്ന് സംയുക്ത പദ്ധതികള്‍ നടപ്പാക്കും.
കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇന്‍സിഡന്‍സ് റെസ്പോണ്‍സ് ടീം ശക്തിപ്പെടുത്തിയിട്ടുണ്ട്.
വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള കൂടുതല്‍ വായ്പാ, സംരംഭകത്വ പദ്ധതികള്‍ നടപ്പാക്കും.
ജില്ലയില്‍ കെ.എസ്.ആര്.ടി.സി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്സെഷന് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മാദ്ധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ കളക്ടര്‍ പറഞ്ഞു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]