കുറ്റിപ്പുറം മഞ്ചാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

കുറ്റിപ്പുറം മഞ്ചാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. പട്ടാമ്പി സ്വദേശി കുന്നംകുളത്തിങ്കല്‍ ബഷീര്‍ (56) ആണ് പിടിയിലായത്. ഇയാള്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും മോട്ടോര്‍ വാഹന വകുപ്പും അപകടകാരണം തേടി സമഗ്രാന്വേഷണം നടത്തിയിരുന്നു.

കുറ്റിപ്പുറം- തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. പുത്തനത്താണി സ്വദേശിയും പ്രവാസിയുമായ അബ്ദുള്‍ ഖാദര്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ റുഖിയ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നോവ കാറുമായുള്ള കൂട്ടിയിടിയില്‍ സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്ന റുഖിയ 10 അടിയോളം ഉയരത്തില്‍ തെറിച്ചുവീഴുകയായിരുന്നു. അമിതവേഗത്തിലെത്തിയ ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ ദിവസങ്ങള്‍ മുമ്പാണ് നാട്ടിലെത്തിയത്. ബന്ധുവിനെ കണ്ടു മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് കാര്‍ ഡ്രൈവറായ ബഷീറിനെ പോലീസ് അറസ്റ്റു ചെയ്തത്. അമിതവേഗതയിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. മരണപ്പെട്ട അബ്ദുല്‍ അബ്ദുള്‍ ഖാദറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച കബറടക്കി.

 

Sharing is caring!