നിലമ്പൂരിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ സന്ദർശിച്ചു
മലപ്പുറം: പോത്തുകല്ല് പഞ്ചായത്തിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ജില്ലയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിൽ കെ.എ.എസ് ട്രെയിനി ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. കോളനി നിവാസികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ തുടർ നടപടികൾക്ക് നിർദേശം നൽകി. ജില്ലാ തലത്തിൽ തീർപ്പാക്കാവുന്നവ അതത് കോളനികളിൽ തന്നെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് നടപടികൾ കൈക്കൊണ്ടു. സർക്കാർ തലത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനും യോഗം തീരുമാനിച്ചു.
2019ലെ പ്രളയത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ച തണ്ടംകല്ല് കോളനി നിവാസികളെയാണ് ജില്ലാ കലക്ടർ ആദ്യം സന്ദർശിച്ചത്. ഇവർ താമസിക്കുന്ന മുണ്ടേരി ഫാമിലെ താൽക്കാലിക താമസ സ്ഥലം മാറ്റി പുതിയ സ്ഥലം കണ്ടെത്താൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി. നിലവിലെ കെട്ടിടത്തിൻ്റെ കാലപ്പഴക്കം പരിഗണിച്ചാണ് ഇത്. കലക്ട്രേറ്റിലെ വിദഗ്ധ സമിതി ഉൾപ്പെടുന്ന സംഘത്തിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 36 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കോളനിയിലേക്ക് തിരിച്ച് പോകാൻ ഇവർ കൂട്ടാക്കാത്ത സാഹചര്യത്തിൽ ഈ കുടുംബങ്ങൾക്ക് മുണ്ടേരി ഫാമിനോട് ചേർന്ന് പുതിയ സ്ഥിരം താമസ സ്ഥലം ഒരുക്കുന്നതിന് സർക്കാർ തലത്തിൽ അനുമതി ലഭ്യമാക്കും. കോളനിയിൽ വെളിച്ചമെത്തിക്കുന്നതിനായി സൗരവിളക്കുകൾ നൽകുമെന്ന് പോത്തുകല്ല് പഞ്ചായത്ത് അധികൃതർ കലക്ടറെ അറിയിച്ചു. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത് സാധ്യമാണോ എന്നതും പരിശോധിക്കും.
ആദിവാസി കോളനികളിലെ മുഴുവൻ കുട്ടികളും പ്ലസ് ടു വരെയെങ്കിലും പഠിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. പ്ലസ്ടു കഴിഞ്ഞവർക്ക് തുടർ പഠനം ഉറപ്പാക്കും. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നതിനും കോളനികളിൽ തന്നെ സൗകര്യമൊരുക്കണം. പി.എസ്.സി പരിശീലനം പഞ്ചായത്ത് അടിസ്ഥാനത്തിൽ നടപ്പിലാക്കുകയും വേണം. കൂടാതെ ഊരുകളിൽ പഠനം ഉപേക്ഷിക്കുന്നവർക്ക് കൗൺസിലിങ് നൽകാനും നിർദ്ദേശിച്ചു. ട്രൈബൽ പ്ലസ് പദ്ധതിയിൽ 200 തൊഴിൽ ദിനം ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി. ഇ – ഗ്രാൻ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് കലക്ടർ അറിയിച്ചു. കോളനിയിലുള്ളവരെ ആശുപത്രികളിലെത്തിച്ച വാഹനങ്ങളുടെ കുടിശ്ശിക ലഭ്യമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
തുടർന്ന് അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിലും കലക്ടറും ഉദ്യോഗസ്ഥ സംഘവും സന്ദർശനം നടത്തി. കുട്ടികളുൾപ്പടെയുള്ളവരുമായി സംഘം ആശയ വിനിമയം നടത്തി. അപ്പൻകാപ്പ്കോളനിയിൽ മെഡിക്കൽ ക്യാമ്പ് കൂടാതെ തുടർച്ചയായി കൗൺസലിങ് സേവനം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പിനോട് കലക്ടർ നിർദേശിച്ചു. കുട്ടികളിലെ അമിതമായ ഫോൺ ഉപയോഗം ഉൾപ്പടെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഈ നിർദേശം.
കാട്ടാന ശല്യവും വഴി പ്രശ്നവുമാണ് ചെമ്പ്ര കോളനി നിവാസികൾ കലക്ടർക്കും ഉദ്യോഗസ്ഥർക്കും മുമ്പിൽ അവതരിപ്പിച്ചത്. കാട്ടാന ശല്യം ഒഴിവാക്കുന്നതിനായി ബാക്കി സ്ഥലങ്ങളിൽ കൂടി ട്രഞ്ചിങ് സ്ഥാപിക്കുമെന്ന് ഡി.എഫ്.ഒ അറിയിച്ചു. വഴി സംബന്ധിച്ച് ജില്ലാതല കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായും തുടർ നടപടികൾ സ്വീകരിച്ച് വരുന്നതായും കലക്ടർ കോളനി നിവാസികളെ അറിയിച്ചു.
ജില്ല കലക്ടർ വിആർ പ്രേം കുമാറിന് പുറമെ നോർത്ത് ഡി.എഫ്.ഒ അശ്വിൻ കുമാർ, പഞ്ചായത്ത് അസി. ഡയറക്ടർ വികെ മുരളി, കെഎഎസ് ട്രെയ്നിമാരായ ബിജേഷ്, എ ടി രാജേഷ്, ശറഫുദ്ദീൻ, എൻആർഇജിഎസ് പ്രൊജക്ട് ഡയറക്ടർ വിജയകുമാർ, താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി സെബാസ്റ്റ്യൻ, മേജർ ഇറിഗേഷൻ അസി. എഞ്ചീനിയർ ഷാജഹാൻ, ഐടിഡിപി അസി. പ്രൊജക്ട് ഓഫീസർ ബിസി അയ്യപ്പൻ, നിലമ്പൂർ തഹസിൽദാർ എംപി സിന്ധു, പോത്ത്കല്ല് സിഐ വി ബാബുരാജ്, നിലമ്പൂർ ബിഡിഒ എ.ജെ സന്തോഷ്, പോത്ത്കല്ല് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോൺ, മെമ്പർമാർ, ഹെൽത്ത് ഡിപാർട്ട്മെന്റ്, ട്രൈബൽ പ്രമോട്ടർമാർ, ആനിമേറ്റർ, ഊര് ആശമാർ എന്നിവരുൾപ്പെടെ ഉദ്യോഗസ്ഥ സംഘമാണ് കോളനിയിലെത്തിയത്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]