മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ റെയ്ഡ് ഒറ്റദിവസം രജിസ്റ്റര്‍ചെയ്തത് 530 ഓളം കേസുകള്‍
മലപ്പുറം: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായും, ജില്ലയിലെ കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറക്കുന്നതിനുമായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ വിവിധ കുറ്റകൃതങ്ങളില്‍ ഏര്‍പ്പെട്ട് വരുന്ന നിരവധി കുറ്റവാളികളെ പിടി കൂടി. പരിശോധനയില്‍ ഒറ്റദിവസം മാത്രം 530 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, നിരവധിമയക്കു മരുന്ന്/ലഹരി വില്‍പ്പനക്കാര്‍, അനധികൃത ഒറ്റനമ്പര്‍ ലോട്ടറിമാഫിയകള്‍ എന്നിവരും വിവിധ കേസുകളിലെ പിടികിട്ടാപുള്ളികളായ നിരവധി പേരും പോലീസ് പിടിയിലായി.
പോലീസിന്റെ തന്ത്രപരവും അസൂത്രിതവുമായ പരിശോധനയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്ന യുവാക്കളുടെ ഹരമായി പറയപ്പെടുന്ന ഇനത്തിലുള്ള 32 ഗ്രാം എം.ഡി.എം.എ ഇനത്തില്‍പെട്ട മയക്കുമരുന്നുമായി (1)അനൂപ്, കളത്തിങ്ങല്‍ ഹൗസ്, കിഴിശ്ശേരി (2)സജിത്ത്, മേലെപള്ളിക്കത്തൊടി ഹൗസ്, കുറ്റുളങ്ങാടി, രാമനാട്ടുകര എന്നീ രണ്ട് യുവാക്കള്‍ അരീക്കോട് പോലീസ് സ്റ്റേഷനിലും, 20 ഗ്രാം എം.ഡി.എം.എയുമായി പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിനു മുന്‍ വശം വെച്ച് അബ്ദുള്‍ വാഹിദ്, തൈരനില് വീട്, പാങ്ങ് എന്നയാളും, നിലമ്പൂര്‍ സ്റ്റേഷനില്‍ 240 ഗ്രാം കഞ്ചാവുമായി മുസ്തഫ, പക്കോട്ടില്‍ ഹൗസ്, എടവണ്ണ എന്നാളും, വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ 1.64 ഗ്രാം ഹെറോയിന്‍ സഹിതം മറ്റൊരാളും പിടിയിലായി.
മയക്കു മരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിന്റെ ഭാഗമായിട്ടുള്ള പരിശോധനയിലാണ് 89 കേസുകളിലായി 90 ഓളം ആളുകളെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് എസ്. ന്റെ നേതൃത്വത്തിലുള്ള പരിശോധനയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന് ഉപയോഗവും വില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പേര് പോലീസിന്റെ നിരീക്ഷണത്തിലാണ്.
വിവിധ കേസുകളില്‍ പോലീസിനെ ഒളിച്ചും, കോടതിയില്‍ ഹാജരാകാതെയും ഒളിവില്‍ താമസിച്ചിരുന്നപിടികിട്ടാപുള്ളികളായും 77 പ്രതികളും, ആയതില്‍ കോട്ടക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ അന്‍വര്‍, എന്നാളെയും, ജാമ്യമില്ലാ വാറണ്ടില്‍ പിടികിട്ടാനുണ്ടായിരുന്ന 119 പ്രതികളും ഉള്‍പ്പെടെ 196 കുറ്റവാളികളെ ഒറ്റ ദിവസം കൊണ്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കരിപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ 8.7 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും, തിരൂര്‍ പോലീസ് സ്റ്റേഷനില്‍ 308 ഐ.പി.സി കേസില്‍ ഒളിവില്‍ പോയിരുന്ന 2 പ്രതികളെയും, മേലാറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ റബ്ബര്‍ ഷീറ്റ് മോഷനത്തില് ഉള്‍പ്പെട്ട 2പേരെയും പ്രത്യേക പരിശോധനയില്‍ പോലീസ് പിടികൂടി.
കൂടാതെ ജില്ലയിലെ അതിര്‍ത്തികളും, പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ വാഹന പരിശോധനയില്‍ 2701 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 6,49,750/ രൂപ പിഴ അടപ്പിക്കുകയും ചെയ്തതിനു പുറമെ രാത്രി കാലങ്ങളില്‍ അനാവശ്യമായി ചുറ്റിക്കറങ്ങിയ പലരും പോലീസ് പിടിയിലായിപെറ്റിക്കേസുകള് ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്.
അനധികൃത ലോട്ടറി വില്‍പ്പന ശാലകള്‍ റെയ്ഡ് നടത്തിയതില്‍ നിരോധിക്കപ്പെട്ട ഒറ്റ നമ്പര്‍ ലോട്ടറി വില്‍പ്പനക്കെതിരെ 20 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവി ശ്രീ. സുജിത് ദാസ്.എസ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡി.വൈ.എസ്.പി മാര്‍, ഇന്‍സ്പെക്ടര്‍മാര്‍, എസ്.ഐ മാര്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം പോലീസ് സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പോലീസ് പ്രത്യേകം പരിശോധന നടത്തിയത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തുടര്‍ന്നും ഇത്തരത്തിലുള്ള പരിശോധനകള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]