തേക്ക് മുത്തശ്ശിയെ കാണാന്‍ വീണ്ടും നിലമ്പൂരിലെ തുക്കുപാലം വഴി പോകാം..

തേക്ക് മുത്തശ്ശിയെ കാണാന്‍ വീണ്ടും നിലമ്പൂരിലെ തുക്കുപാലം വഴി പോകാം..

 

നിലമ്പൂര്‍: തേക്ക് മുത്തശ്ശിയെ കാണാന്‍ വീണ്ടും തുക്കുപാലം വഴി പോകാം. 2018ലെ പ്രളയക്കെടുതിയില്‍ തകര്‍ന്ന ചാലിയാര്‍ പുഴക്ക് കുറുകെയുള്ള വനംവകുപ്പിന്റെ കനോലി ഇക്കോ ടൂറിസം തൂക്കുപാലം പുനര്‍നിര്‍മിക്കുന്നു. സര്‍ക്കാര്‍ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. പുനര്‍നിര്‍മാണ സര്‍വേ നടപടി ബുധനാഴ്ച തുടങ്ങും. 2.35 കോടി രൂപ ചെലവിലാണ് തുക്കുപാലം നിര്‍മിക്കുന്നത്. ആറുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. കണ്ണൂര്‍ അഴീക്കലിലെ സില്‍ക്കി (സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ കേരള ലിമിറ്റഡ്)നാണ് നിര്‍മാണ ചുമതല. 150 മീറ്റര്‍ നീളത്തിലും 1.20 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുക. ഒരേസമയം 60 പേര്‍ക്ക് പാലത്തിലൂടെ സഞ്ചരിക്കാം. പാലത്തിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് തൂണുകളാല്‍ ബലപ്പെടുത്തും. പാലത്തിന് സമീപം സുര?ക്ഷാ സംവിധാനങ്ങളും ഒരുക്കും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
പ്രളയത്തില്‍ തകര്‍ന്നതോടെ പാലം വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. ലോകത്തിലെ ആദ്യ മനുഷ്യനിര്‍മിത തേക്ക് തോട്ടത്തിന്റെ അവശേഷിപ്പെന്നനിലയില്‍ വിശ്വപ്രസിദ്ധമാണ് നിലമ്പൂര്‍ കനോലി ഇക്കോ ടൂറിസം. പ്രതിവര്‍ഷം രണ്ടുലക്ഷം പേര്‍ തോട്ടം സന്ദര്‍ശിക്കുന്നതായാണ് കണക്ക്. ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ തോട്ടത്തിന് 5.675 ഏക്കര്‍ വിസ്തൃതിയുണ്ട്.

 

Sharing is caring!