അനധികൃത ഗ്യാസ് റീഫില്ലിംഗ്: മലപ്പുറം വാഴക്കാട് സ്വദേശി പിടിയില്‍

അനധികൃത ഗ്യാസ് റീഫില്ലിംഗ്: മലപ്പുറം വാഴക്കാട് സ്വദേശി പിടിയില്‍

വാഴക്കാട് : അനധികൃതമായി യാതൊരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെ വീട്ടില്‍ ഗ്യാസ് റീഫില്ലിംഗ് കേന്ദ്രം നടത്തി വന്ന വാഴക്കാട് സ്വദേശിയെ പോലീസ് പിടികൂടി. വട്ടപ്പാറ പണിക്കരപുറായ കൊന്നേങ്ങല്‍ ഷാഫി (34) യെയാണ് വാഴക്കാട് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ ഗ്യാസ് ഏജന്‍സികളുടെ ഏജന്റുമാര്‍ മുഖേനയും വിവിധ വീടുകളില്‍ നിന്നും പണം കൊടുത്ത് സംഘടിപ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിലേക്ക് റീഫില്‍ ചെയ്ത് കൂടിയ വിലക്ക് വില്‍പന ചെയ്തു വരികയായിരുന്നു. മൂന്ന് വര്‍ഷത്തോളമായി യാതൊരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെ പിഞ്ചുകുഞ്ഞുങ്ങളടക്കം പഠിക്കുന്ന മദ്രസയുടെ തൊട്ടടുത്താണ് കേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. റീഫില്ലിംഗിനായി കൊണ്ടുവന്ന 150 ഓളം ഗ്യാസ് സിലിണ്ടറുകളും 4 കംപ്രസിംഗ് മിഷീനുകള്‍, 5 ഓളം ത്രാസുകള്‍, നിരവധി വ്യാജ സീലുകളും സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.
വീടിനോട് ചേര്‍ന്ന് മദ്രസയുടെ മതിലിനോട് ചേര്‍ന്ന് ചെറിയ ഷെഡ് നിര്‍മ്മിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കൂലിക്ക് നിര്‍ത്തി വളരെ അശ്രദ്ധമായാണ് റീഫില്‍ പ്രവര്‍ത്തി ചെയ്തു വന്നിരുന്നത്. ചെറിയ ഒരു അശ്രദ്ധയുണ്ടായാല്‍ കിലോമീറ്ററോളം നാശനഷ്ടം ഉണ്ടാക്കാന്‍ ശേഷിയുള്ള സിലിണ്ടറുകളുടെ ശേഖരം ഇവിടെ ഉണ്ടായിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതി ദുരുപയോഗം ചെയ്താണ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇതിനെതിരെ കെ.എസ്.ഇ.ബി. വിജിലന്‍സ് യൂണിറ്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇയാള്‍ക്ക് സിലിണ്ടറുകള്‍ ലഭ്യമായ ഉറവിടത്തെക്കുറിച്ചും മറ്റും അന്വഷിക്കുന്നതിനും കൂടുതല്‍ അന്വഷണം നടത്തുന്നതിനും കസ്റ്റഡിയില്‍ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി. അഷറഫ്, അരീക്കോട് ഇന്‍സ്പക്ടര്‍ അബ്ബാസലി, വാഴക്കാട് എസ്.ഐ. വിജയരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് ടീം സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, വാഴക്കാട് സ്റ്റഷനിലെ എസ്.ഐ.സുരേഷ്‌കുമാര്‍, എ.എസ്.ഐ.പ്രഭ, എസ്.പി.സി.ഒ.നന്ദകുമാര്‍, സി.പി.ഒ. മാരായ നിധീഷ്, ശിഹാബ്, സമ്മാസ്, അജയകുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്വഷണം നടത്തി വരുന്നത്.

 

Sharing is caring!