പി.എസ്.സി പരീക്ഷയില്‍ ഒരേസമയം റാങ്ക് ലിസ്റ്റില്‍ കയറി മലപ്പുറത്തെ അമ്മയും മകനും

പി.എസ്.സി പരീക്ഷയില്‍ ഒരേസമയം റാങ്ക് ലിസ്റ്റില്‍ കയറി മലപ്പുറത്തെ അമ്മയും മകനും

മലപ്പുറം: പി.എസ്.സി പരീക്ഷയില്‍ ഒരേസമയം റാങ്ക് ലിസ്റ്റില്‍ കയറി മലപ്പുറത്തെ അമ്മയും മകനും. മലപ്പുറം അരീക്കോട് സ്വദേശി ഒട്ടുപ്പാറ ബിന്ദുവും മകന്‍ വിവേകുമാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എല്‍ ജി എസ് റാങ്ക് ലിസിറ്റില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ബിന്ദുവിന് 92ാം റാങ്കും, എല്‍ ഡി സിയില്‍ മകന്‍ വിവേകിന് 38ാം റാങ്കുമാണ് ലഭിച്ചത്

ബിന്ദു പതിനൊന്ന് വര്‍ഷമായി അരീക്കോട് മാതക്കോട് അംഗന്‍വാടി ടീച്ചറായി ജോലി ചെയ്ത് വരികയാണ്. 2019-20 വര്‍ഷത്തെ മികച്ച അംഗനവാടി ടീച്ചര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ബിന്ദുവിന് ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയിലെ റാങ്ക് പട്ടികയിലും ഇടം നേടിയത്.
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ബിന്ദു എല്‍ ഡി സിയും, എല്‍ ജി സ് പരീക്ഷയും എഴുതിയിരുന്നു. ഇതില്‍ അവസാനം എഴുതിയ എല്‍ ജി എസ് പരീക്ഷയുടെ റാങ്ക് പട്ടികയിലാണ് ഇവര്‍ ഇടം നേടിയത്. സര്‍ക്കാര്‍ ജോലി നേടുക എന്ന ലക്ഷ്യമാണ് തന്നെ നാല്‍പ്പത്തിയൊന്നാം വയസില്‍ റാങ്ക് പട്ടികയില്‍ എത്തിച്ചതെന്ന് ബിന്ദു പറഞ്ഞു. അമ്മയും മകനും അരീക്കോട്ടെ പി എസ് സി സെന്ററില്‍ നിന്ന് പരിശീലനം നേടി വരികയായിരുന്നു.

ഐ സി ഡി സി സൂപ്രണ്ട് പരീക്ഷയും ബിന്ദു എഴുതിയിട്ടുണ്ട്. ഇതിലും റാങ്ക് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. അമ്മയെയും അച്ഛനെയും പോലെ മകന്‍ വിവേകിനും ലക്ഷ്യം സര്‍ക്കാര്‍ ജോലി തന്നെയായിരുന്നു. തുടര്‍ന്ന് അമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരീക്ഷക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയായിരുന്നു. രണ്ടര വര്‍ഷത്തെ കഠിന ശ്രമം നടത്തി അവസാനം കഴിഞ്ഞ എല്‍ ഡി സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.അമ്മയാണ് തന്റെ ഈ നേട്ടത്തിന് കാരണം എന്ന് വിവേക് പറഞ്ഞു. ഒന്നാം പരിശ്രമത്തില്‍ തന്നെ റാങ്ക് പട്ടികയില്‍ ഇടം നേടാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല. അത് കൊണ്ട് തന്നെ എല്‍ ഡി സി പരീക്ഷ വിജയിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും വിവേക് പറയുന്നു.

റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ രണ്ട് പേര്‍ക്കും ലിസ്റ്റില്‍ ഇടം നേടാന്‍ കഴിഞ്ഞത് കുടുംബത്തിനും ഇരട്ടി മധുരമാണ് നല്‍കുന്നതെന്ന് ഇരുവരും പറഞ്ഞു. എടപ്പാള്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനായ ചന്ദ്രനാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. ഹൃദ്യ എന്ന ഒരു മകള്‍ കൂടി ദമ്പതികള്‍ക്കുണ്ട്.

Sharing is caring!