മലപ്പുറം ഇനി കോഴിമാലിന്യ മുക്ത ജില്ല

മലപ്പുറം ഇനി കോഴിമാലിന്യ മുക്ത ജില്ല

മലപ്പുറം: മലപ്പുറം ജില്ല ഇനി കോഴിമാലിന്യ മുക്ത ജില്ല. കടകളില്‍നിന്നും ശേഖരിക്കുന്ന കോഴി മാലിന്യം സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച്
വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 21 സംസ്‌കരണ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. കോഴി മാലിന്യമില്ലാത്ത മലപ്പുറത്തിന്റെ പ്രഖ്യാപനം ഹരിതകര്‍മസേനയുടെ ജില്ലാതല സംഗമത്തില്‍ നടന്നു. ജില്ലാതല സംഗമം മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനംചെയ്തു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷനായി.
മാതൃകാ പ്രവര്‍ത്തനം നടത്തിയ ഹരിതകര്‍മസേനകളെ മന്ത്രി ആദരിച്ചു. കരുളായി, ചുങ്കത്തറ, പുല്‍പ്പറ്റ, കീഴാറ്റൂര്‍, പുറത്തൂര്‍, വെട്ടം, താനാളൂര്‍, ആനക്കയം, പുഴക്കാട്ടിരി, അമരമ്പലം, ചാലിയാര്‍, മാറഞ്ചേരി, തിരുവാലി പഞ്ചായത്തുകളെയും മഞ്ചേരി, പെരിന്തല്‍മണ്ണ, പരപ്പനങ്ങാടി, തിരൂര്‍ നഗരസഭകളെയുമാണ് മന്ത്രി ആദരിച്ചത്. ഹരിതമിത്രം ആപ് ലോഗോ പി ഉബൈദുള്ള എംഎല്‍എ പ്രകാശിപ്പിച്ചു. കോഴിമാലിന്യമുക്ത മലപ്പുറത്തിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിര്‍വഹിച്ചു. നന്നമ്പ്ര ചെറുമുക്ക് ആമ്പല്‍പാടം ശുചീകരിച്ച വിസ്മയ ക്ലബ്ബിനെ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ആദരിച്ചു.
മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, കാരാട്ട് അബ്ദുറഹ്മാന്‍, അബ്ദുല്‍ കലാം, ഷാജി ജോസഫ് ചെറുകരക്കുന്നേല്‍, എന്‍ കെ ദേവകി, ടി വി എസ് ജിതിന്‍, പി ബൈജു, വി കെ മുരളി, ജാഫര്‍ കെ കക്കൂത്ത്, വി വരുണ്‍ നാരായണന്‍, കെ മുജീബ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!