മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടികയറ്റം

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം ആണ്ട് നേര്‍ച്ചക്ക് നാളെ കൊടികയറ്റം. കോവിഡ് ഇടവേളകള്‍ക്കു ശേഷമുള്ള ആണ്ടുനേര്ച്ചയായതിനാല് സന്ദര്‍ശനത്തിനും ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങളില്ലാതെ പങ്കെടുക്കാനാകുമെന്ന ആശ്വാസത്തിലാണ് തീര്‍ത്ഥാടകര്‍.
30 ന് ശനിയാഴ്ച അസ്വര്‍ നമസ്കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 184-ാമത് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മഖാമില്‍ മൗലിദ് പാരായണ സദസ്സും നടക്കും.
31-ന് ഞായറാഴ്ച രാത്രി നടക്കുന്ന മജ്ലിസുന്നൂര് ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി കണ്ണന്തളി നേതൃത്വം നല്‍കും.
ആഗസ്റ്റ് 1,2,3 തിയ്യതികളില്‍ രാത്രി ഏഴരക്ക് മതപ്രഭാഷണങ്ങള്‍ നടക്കും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ പ്രഭാഷണ സദസ്സുകള്‍ ഉദ്ഘാടനം ചെയ്യും. സ്വാലിഹ് ഹുദവി തൂത, മുസ്ഥഫ ഹുദവി ആക്കോട്, ഖലീല്‍ ഹുദവി തളങ്കര എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
4 ന് വ്യാഴാഴ്ച രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്ലിസിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം വഹിക്കും.
5 ന് വെള്ളിയാഴ്ച രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനവും അദ്ദേഹം നിര്‍വഹിക്കും. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
സമാപന ദിവസമായ 6 ന് ശനിയാഴ്ച രാവിലെ എട്ടുമണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ട് നേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]