പൊന്നാനി ഇ സി.ആര്.സിയുടെ സ്നേഹത്തണലില്‍ രാജു ദഹൂലി 10വര്‍ഷത്തിന് ശേഷം വീടണഞ്ഞു

പൊന്നാനി: പൊന്നാനി ഇ.സി.ആര്.സിയുടെ സ്നേഹത്തണലില്‍ രാജു ദഹൂലി പത്തു വര്‍ഷത്തിന് ശേഷം വീടണഞ്ഞു.മാനസികാസ്വാസ്ഥ്യത്തിന്റെ പിരിമുറുക്കങ്ങളില്‍ നിന്നും പൂര്‍ണ മുക്തി നേടിയാണ് ഈ ഒറീസ സ്വദേശിയെ യാത്രയയച്ചത് .മരക്കമ്പിന്റെ രണ്ടറ്റത്ത് ഭാരമുള്ള സഞ്ചികള്‍ തോളില്‍ തൂക്കി നഗരത്തില്‍ അലഞ്ഞു തിരിഞ്ഞിരുന്ന രാജു എന്ന മധ്യവയസക്കന്‍ പൊന്നാനിക്കാര്‍ക്ക് ചിരപരിചിതനായിരുന്നു. മാനസികാസ്വാസ്ഥ്യം മൂലം അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന ഇയാള്‍ കടത്തിണ്ണയിലും മറ്റുമാണ് അന്തിയുറങ്ങിയിരുന്നത്.ഇതിനിടെയാണ് തെരുവിലലയുന്നവരെ ചികിത്സ നല്കി പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി പൊന്നാനിയില്‍ ആരംഭിച്ച എമര്‍ജന്‍സി കെയര്‍ റിക്കവറി സെന്ററിലെ പ്രവര്‍ത്തകര്‍ രാജു ദഹൂലിയെ ഏറ്റെടുത്ത് പരിചരണം നല്‍കിയത്. ചികിത്സയും സ്നേഹപരിചരണവും സമം ചേര്‍ത്ത് ലഭിച്ചതോടെ രാജു പുതിയൊരു മനുഷ്യനായി മാറി. തന്റെ വീട് ഒറീസയിലെ ബാരിബാഡയില് നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബെല്ദുല്ഗിരിയിലാണെന്ന് ഇയാള്‍ പറഞ്ഞതോടെ ഇ.സി.ആര്.സി പ്രവര്‍ത്തകര്‍ രാജുവിന്റെ ബന്ധുക്കളായി ബന്ധപ്പെട്ടു. രാജു നല്കിയ വിവരത്തിന്റെ അടിസ്ഥാത്തില്‍ ഒറീസയിലെ കുടുംബവുമായി ഇ.സി.ആര്.സിയുടെ നോളജ് പാര്‍ട്ണര്‍മാരായ ദി ബനിയനിലെ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടു. വീഡിയോ കോളിലൂടെ രാജുവിനെ ഭാര്യ തിരിച്ചറിഞ്ഞു. പെട്ടന്നുണ്ടായ മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് പത്ത് വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങിയതായിരുന്നു ഇയാള്‍. അമ്പത്തിയഞ്ചിനടുത്ത് പ്രായമുണ്ട് രാജുവിന്. ഒറീസയിലെ ആദിവാസി വിഭാഗത്തില്‍ പെട്ടയാളാണ് രാജു. ബംഗ്ല കലര്‍ന്ന ഒഡിയ ഭാഷയാണ് ഇയാള്‍ സംസാരിച്ചിരുന്നത്. ഹിന്ദിയും അറിയാം. വീട്ടില്‍ ഭാര്യയും മക്കളുമുണ്ട്. ഭാര്യയേയും, മക്കളെയും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ ഇയാളെ നാട്ടിലേക്കെത്തിക്കുകയായിരുന്നു. മാനസിക അസ്വസ്ഥതകള്‍ കാരണം തെരുവില്‍ അലയുന്നവരെ ചികിത്സ നല്കി പരിചരിച്ച് വീടുകളിലേക്ക് തിരിച്ചെത്തിക്കുന്ന കേന്ദ്രമാണ് ഇ.സി.ആര്.സി. പൊന്നാനി നഗരസഭക്ക് കീഴില്‍ പൊന്നാനി ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെയും ദി ബനിയന്റെയും സഹകരണത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ എട്ടു പേരാണ് ഇ.സി.ആര്.സിയില്‍ അന്തേവാസികളായുള്ളത്. രണ്ടു പേരെ നേരത്തെ അസുഖം ഭേദമാക്കി വീട്ടിലേക്ക് തിരിച്ചെത്തിച്ചിരുന്നു. കൃത്യമായ ഇടപെടലും ശ്രദ്ധയുമുണ്ടെങ്കില്‍ തെരുവില്‍ അലഞ്ഞു നടക്കുന്ന മാനസികാസ്വാസ്ഥ്യമുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നതിന്റെ ദൃഷ്ടാന്തമായി മാറുകയാണ് പൊന്നാനിയിലെ ഇ.സി.ആര്.സി.
ചികിത്സക്കൊടുവില്‍ പുതു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന രാജു ദഹൂലി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്ത്ഥന് ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീഷ് ഊപ്പാല, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ആബിദ, ഇ.സി.ആര്.സിയിലെ പാലിയേറ്റീവ് കോ ഓര്‍ഡിനേറ്റര്‍ അക്ബര്‍ മൂസ, പ്രസിഡന്റ് പി.എം സാലിഹ്,ദി ബനിയന് കേരള ചാപ്റ്റര്‍ കോ ഓഡിനേറ്റര്‍മാരായ ഫാഫി, ജിഷ്ണു എന്നിവര്‍ ചേര്‍ന്ന് രാജുവിനെ യാത്രയാക്കി
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]