ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് നാലിടത്ത് യു.ഡി.എഫിനും ഒരിടത്ത് എല്‍.ഡി.എഫിനും വിജയം.

ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് നാലിടത്ത് യു.ഡി.എഫിനും ഒരിടത്ത് എല്‍.ഡി.എഫിനും വിജയം.

മലപ്പുറം: ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാലിടത്ത് യു.ഡി.എഫിനും ഒരിടത്ത് എല്‍.ഡി.എഫിനും വിജയം. ജില്ലാ പഞ്ചായത്തിലെ ആതവനാട് ഡിവിഷന്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്, മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല, കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാര്‍ഡുകളില്‍ യു.ഡി.എഫും മലപ്പുറം നഗരസഭയിലെ മൂന്നാംപടിയില്‍ എല്‍.ഡി.എഫും വിജയിച്ചു.

ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനില്‍ ലീഗിലെ ബഷീര്‍ രണ്ടത്താണി 9,026 വോട്ടുകള്‍ക്ക് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.അബ്ദുല്‍ കരീമിനെ തോല്‍പിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 20,247 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി അബ്ദുല്‍ കരീമിന് 11,221 വോട്ടുകളും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഷ്‌റഫ് പുത്തനത്താണിക്ക് 2,499 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയകുമാര്‍ കാടാമ്പുഴ 2,111 വോട്ടുകളും നേടി. ബഷീറിന് ഏറ്റവും കൂടുതല്‍ ലീഡ് സമ്മാനിച്ചത് ആതവനാട് പഞ്ചായത്തിലെ ഏഴു വാര്‍ഡുകളാണ്. ആതവനാട് ഡിവിഷന്‍ അംഗമായിരുന്ന മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ടി. അയ്യപ്പന്‍ 2,007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. ഭാസ്‌കരന് 1,807 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രേമദാസന് 101 വോട്ടുകളും ലഭിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ 12ാം വാര്‍ഡ് എടച്ചലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഹ്‌സിനത്ത് 882 വോട്ടുകള്‍ നേടി വിജയിച്ചു. 59 വോട്ടാണ് ഭൂരിപക്ഷം. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബുഷ്‌റ കവര്‍തൊടിയില്‍ 823 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി ധന്യ 60 വോട്ടുകളും നേടി. പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

മലപ്പുറം നഗരസഭയിലെ 11ാംവാര്‍ഡ് മൂന്നാംപടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. വിജയലക്ഷ്മി 71 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജിതേഷിന് 375 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കാര്‍ത്തിക ചന്ദ്രന് 59 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയലക്ഷ്മിക്ക് 45 വോട്ടുകളും ലഭിച്ചു. മഞ്ചേരി നഗരസഭയിലെ 16ാം വാര്‍ഡ് കിഴക്കേത്തലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുജീബ് റഹ്മാന്‍ പരേറ്റ 155 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി വല്ലാഞ്ചിറ അബ്ദുള്‍ ലത്തീഫ് 359 വോട്ടുകളും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി തലാപ്പില്‍ സജീര്‍ 282 വോട്ടുകളും നേടി.

Sharing is caring!