പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടറെ മര്‍ദ്ദിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസ് നിയമസഭാ രേഖകളില്‍ നിന്ന് മുക്കി സംസ്ഥാന സര്‍ക്കാര്‍

പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടറെ മര്‍ദ്ദിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസ് നിയമസഭാ രേഖകളില്‍ നിന്ന് മുക്കി സംസ്ഥാന സര്‍ക്കാര്‍

മലപ്പുറം: : സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസ് നിയമസഭാ രേഖകളില്‍ നിന്ന് മുക്കി സംസ്ഥാന സര്‍ക്കാര്‍. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡോക്ടറെ മര്‍ദ്ദിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത കേസാണ് നിയമ സഭാ ചോദ്യത്തിനുള്ള മറുപടിയില്‍ നിന്ന് ഒഴിവാക്കിയത്.
ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ചും ആശുപത്രി ആക്രമണങ്ങള്‍ സംബന്ധിച്ച പരാതികളിലെ നടപടി സംബന്ധിച്ചും നിയമസഭയില്‍ കെ.പി.എ മജീദ് എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയില്‍ പെരിന്തല്‍മണ്ണയില്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഇ.എം.എസ് സഹകരണ ആശുപത്രി ആക്രമണ കേസ് സംബന്ധിച്ച പരാമര്‍ശങ്ങളില്ലെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.
സംസ്ഥാനത്ത് 2021 ജൂണ്‍ ഒന്ന് മുതല്‍ 2022 ജൂണ്‍ 15 വരെ
കേരള ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേര്‍സണ്‍ ആന്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രിവന്‍ഷന്‍ ആന്‍ വൈലന്‍സ് ആന്റ് ഡാമേജ് ഓഫ് പ്രോപര്‍റ്റി ആക്ട് പ്രകാരം 140 പരാതികളില്‍ 138 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 11ന് നടന്ന ഇ.എം.എസ് ആശുപത്രി അക്രമ സംഭവത്തില്‍ ഡോക്ടറുടെ പരാതിയിലെടുത്ത കേസ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആശുപത്രിയില്‍ രോഗി മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥയിലാണെന്ന് ആരോപിച്ച് ഒരു സംഘം ന്യൂറോ സര്‍ജന്‍ ഡോ. ജയകൃഷ്ണനെ മര്‍ദ്ദിക്കുകയും ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ ഫെബ്രുവരി 11 ന് 0145 നമ്പറില്‍ എഫ്.ഐ.ആകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 15 ഓളം പേരെ പ്രതിചേര്‍ത്തിട്ടുമുണ്ട്.
സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ സി.പി.എമ്മുമായി ബന്ധമുള്ളവര്‍ തന്നെ നടത്തിയ അക്രമം നടത്തിയ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുകയും പ്രതികളെ പിടികൂടുന്നത് വൈകുകയും ചെയ്തതോടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സമരം നടത്തിയിരുന്നു. ഇതോടെ അഞ്ച് പേരെ പ്രതി ചേര്‍ക്കുകയും മൂന്ന് പേരെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടില്ലെന്നാണ് വിവരം.
ഒരു വര്‍ഷത്തിനിടെ ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന ആക്രമണങ്ങളില്‍ കൂടുതലും എറണാകുളം (16), കോഴിക്കോട് (15) തൃശൂര്‍ (13), ഇടുക്കി (12), തിരുവനന്തപുരം (12) മലപ്പുറം (10) ജില്ലകളിലാണ്.

 

 

Sharing is caring!