മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് വികസനം: സ്ഥലം പരിശോധിക്കാന്‍ ജില്ലാകലക്ടറുടെ നിര്‍ദേശം

മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് വികസനം: സ്ഥലം പരിശോധിക്കാന്‍ ജില്ലാകലക്ടറുടെ നിര്‍ദേശം

മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് വിപുലീകരണത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് സാധ്യത പരിശോധിക്കുന്നതിനും വിശദമായ റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിനും മെഡിക്കല്‍ കോളജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. നിലവിലെ മെഡിക്കല്‍ കോളജിന് സമീപം 50 ഏക്കര്‍ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത്. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, കൗണ്‍സിലര്‍മാരായ അഡ്വ.പ്രേമ, ഷെറീന ജവഹര്‍, വി.എം ഷൗക്കത്ത്, വല്ലാഞ്ചിറ മുഹമ്മദലി, മംഗലം ഗോപിനാഥ്, അഡ്വ. പി.എം സഫറുള്ള എന്നിവരടങ്ങുന്ന സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ജൂണ്‍ രണ്ടിന് ചേര്‍ന്ന എച്ച്.ഡി.എസ് കമ്മിറ്റിയിലാണ് 50 ഏക്കറില്‍ കുറയാത്ത സ്ഥലം നിലവിലെ മെഡിക്കല്‍ കോളജ് കെട്ടിടങ്ങളുടെ രണ്ട് കിലോമീറ്ററുനുള്ളില്‍ ലഭ്യമാണെന്ന നിര്‍ദേശം വന്നത്. സ്ഥലയുടമകളുമായി സംസാരിച്ചും സ്ഥലം പരിശോധിച്ചും എച്ച്.ഡി.എസ് അംഗങ്ങള്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ക്ക് കൈമാറുകയായിരുന്നു. 25 ഏക്കര്‍ സ്ഥലം സൗജന്യമായും 25 ഏക്കര്‍ വിലക്ക് വാങ്ങാവുന്ന വിധത്തിലുമാണ് ഭൂവുടമകള്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഭൂവുടമകള്‍ നല്‍കിയ കത്തിന്റെ പകര്‍പ്പും കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് നിന്ന് മഞ്ചേരി നഗരത്തില്‍ കയറാതെ 10 കിലോമീറ്റര്‍ പിന്നിട്ടാല്‍ നിര്‍ദിഷ്ട സ്ഥലത്ത് എത്തിച്ചേരാനാകും. പെരിന്തല്‍മണ്ണ, പാണ്ടിക്കാട്, നിലമ്പൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണിതെന്ന് സമിതി കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥലമെടുപ്പിന്റെ സാധ്യത പരിശോധിച്ചതിന് ശേഷം നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിക്കും

Sharing is caring!