അന്തിയുറങ്ങാന്‍ വീടില്ല, 62 കിലോമീറ്റര്‍ നടന്ന് ഒറ്റയാള്‍ പ്രതിഷേധം

അന്തിയുറങ്ങാന്‍ വീടില്ല, 62 കിലോമീറ്റര്‍ നടന്ന് ഒറ്റയാള്‍ പ്രതിഷേധം

മലപ്പുറം: അന്തിയുറങ്ങാന്‍ ഒരു വീടിനായി പലവട്ടം അപേക്ഷ നല്‍കി. പക്ഷേ ഫലമുണ്ടായില്ല. ഒടുവില്‍ മലപ്പുറം കളക്ട്രേറ്റിലേക്ക് കിലോമീറ്ററുകള്‍ താണ്ടി നടന്നെത്തി പരാതി നല്‍കി ഗൃഹനാഥന്റെ വേറിട്ട പ്രതിഷേധം. കരുവാരക്കുണ്ട് മഞ്ഞള്‍പ്പാറയിലെ വാലിത്തുണ്ടില്‍ ഉമ്മര്‍ ഷാനവാസ് എന്ന 47 കാരനാണ് കളക്ടറെ നേരില്‍ കണ്ട് പരാതി നല്‍കിയത്. ശക്തമായ മഴ പോലും വെക്കാതെ യാണ് ഈ ഗൃഹനാഥന്‍ 62 കിലോമീറ്റര്‍ കാല്‍ നടയായി എത്തിയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. ഭാര്യയും മൂന്ന് ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബമാണ് ഉമ്മര്‍ ഷാനവാസിന്റേത്.

 

മഞ്ഞള്‍പ്പാറയില്‍ 15 സെന്റ് ഭൂമിയുണ്ട്. പക്ഷേ താമസിക്കാന്‍ സുരക്ഷിതമായൊരു വീടില്ല. ഓട്ടോറിക്ഷ ഓടിച്ചാണ് ഉമ്മര്‍ ഷാനവാസ് കുടുംബം പുലര്‍ത്തുന്നത്. നടുവേദനയായതിനാല്‍ പലപ്പോഴും ജോലിക്ക് പോകാനും കഴിയുന്നില്ല. നിലവില്‍ താമസിക്കുന്നതാകട്ടെ പതിനഞ്ച് സെന്റ് ഭൂമിയില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മേഞ്ഞ ഒരു കൂരയിലാണ്. ഇവിടെ കാട്ടാനകളും, പുലിയും പതിവായി എത്തുന്നിടത്ത് ഇത്തരമൊരു കൂരയിലെ താമസം സുരക്ഷിതവുല്ല. പല തവണ വീടിനായി അപേക്ഷ സമര്‍പ്പിച്ചങ്കിലും പരിഹാരമേതുമുണ്ടായില്ല.

തുടര്‍ന്നാണ് മഴയെയും നടുവേദനയേയും വകവെക്കാതെ കളക്ടറെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാന്‍ നടന്ന് യാത്ര തുടങ്ങിയത്. പരാതിക്ക് ഇനിയും പരിഹാരമായില്ലങ്കില്‍ കുടുംബസമേതം കളക്ട്രേറ്റിന് മുന്‍പില്‍ കുത്തിയിരിപ് സമരം നടത്താനാണ് ഉമ്മര്‍ ഷാനവാസിന്റെ തീരുമാനം. മഴക്കോട്ടും, പ്രതിഷേധമുയര്‍ത്തിയുള്ള പ്ലക്കാഡുമേന്തി രാവിലെ ഒന്‍പതിനാണ് മഞ്ഞള്‍പ്പാറയില്‍ നിന്ന് യാത്ര പുറപ്പെട്ടത്.

വൈകിട്ട് മൂന്നിന് കളക്ട്രേറ്റിലെത്തി പരാതി നല്‍കിയ ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അതേസമയം മലപ്പുറത്ത് ഒരു വീടിനു വേണ്ടി ആദ്യമായിട്ടാണ് ഇത്തരത്തിലൊരു വേറിട്ട സമരം ഒരു ഗൃഹനാഥന്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടാകും എന്നാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നത്.

 

 

Sharing is caring!