മന്ത്രി അബ്ദുറഹിമാന്റെ വീട്ടിലെത്തി മന്ത്രിയോടൊപ്പം കോല്‍ക്കളി കളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മന്ത്രി അബ്ദുറഹിമാന്റെ വീട്ടിലെത്തി മന്ത്രിയോടൊപ്പം കോല്‍ക്കളി കളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മലപ്പുറം: കോല്‍ക്കളിയെക്കുറിച്ച് ആവേശത്തോടെ ചോദിച്ചറിഞ്ഞും, മലബാര്‍ വിഭവങ്ങളുടെ രുചിയറിഞ്ഞും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ വസന്തിയില്‍ അതിഥിയായി കേരള ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  കോട്ടക്കല്‍ ആര്യവൈദ്യശാല മുന്‍ മാനേജിങ് ട്രസ്റ്റി ഡോ പി കെ വാരിയര്‍ അനുസ്മരണത്തിനെത്തിയ ഗവര്‍ണര്‍ അവിടെ നിന്നാണ് മന്ത്രിയുടെ വീട്ടിലേക്കെത്തിയത്.
മന്ത്രിയും, കുടുംബവും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്.  കുടുംബാംഗങ്ങളെ ഓരോരുത്തരായി പരിചയപ്പെട്ട ശേഷം അല്‍പസമയം മന്ത്രിയും, ജില്ലാ കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം മന്ത്രി ചെലവഴിച്ചു.  പിന്നീട് മലബാറിന്റെ തനതായ രുചിയിലുള്ള വിഭവങ്ങളുമായി ചായസല്‍ക്കാരവും ഗവര്‍ണര്‍ക്കായി ഒരുക്കിയിരുന്നു.  കോല്‍ക്കളിയുടെ കോല്‍ ഗവര്‍ണര്‍ക്ക് ഉപഹാരമായി സമ്മാനിക്കുകയായിരുന്നു.  കോല്‍ പാക്കറ്റില്‍ നിന്നും പുറത്തെടുത്ത് കോല്‍ക്കളിയെക്കുറിച്ച് വിശദമായി ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു.  പിന്നീട് കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.

കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആയിരുന്ന ഡോ.പി.കെ. വാരിയരുടെ ഒന്നാം അനുസ്മരണ സമ്മേളനം  കോട്ടക്കലിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
കാലത്തിന് അനുസൃതമായി ആയുര്‍വേദത്തെ ആധുനിക വത്ക്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവ്യക്തിയാണ് ഡോ. പി.കെ. വാരിയരെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ ഒരുപോലെയുയര്‍ത്തിപ്പിടിക്കുകയും ആ മൂല്യങ്ങള്‍ ലോകത്തിന് മുന്നില്‍ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ.പി.കെ.വാരിയര്‍. അലോപ്പതിയും ആയുര്‍വേദവും പരസ്പര പുരകങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു.
കോവിഡ് കാലത്ത് ഇത് ലോകം മനസിലാക്കി. ആയുര്‍വേദത്തിന്റെ മഹത്വം ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ ഡോ.പി.കെ.വാരിയര്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു. ആയുര്‍വേദം ആഡംബരത്തിന്റെ ഭാഗമല്ലെന്ന ചിന്ത പൊതുജനങ്ങള്‍ക്കിടയില്‍ ഊട്ടി ഉറപ്പിക്കാന്‍ പി.കെ.വാരിയര്‍ക്ക് കഴിഞ്ഞെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പി.കെ.വാരിയരുടെ അനുസ്മരണ യോഗത്തില്‍ സംബന്ധിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കോട്ടക്കല്‍ അനശ്വര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. പി.കെ.വാരിയരുടെ ഓര്‍മകള്‍ കേരളത്തെയും കോട്ടക്കലിനെയും സംബന്ധിച്ച് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ആയുര്‍വേദത്തെ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയും സ്വീകാര്യതയും നേടിക്കൊടുക്കാന്‍ ഡോ.പി.കെ. വാരിയര്‍ക്ക് സാധിച്ചു. ആയുര്‍വേദത്തിന്റെ ശാസ്ത്രീയത ലോകത്തിന് മനസിലാക്കികൊടുക്കുന്നതിനും അദ്ദേഹത്തിനായി മന്ത്രി പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാലയെ ലാഭകരമാക്കുക എന്നതിലുപരി ആ ലാഭം എങ്ങനെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാം എന്നതായിരുന്നു പി.കെ.വാരിയരുടെ ചിന്തയെന്നും വി.അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു. പ്രൊ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡോ.എം.പി. അബ്ദു സമദ് സമദാനി എം.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ജി.സി. ഗോപാലപിള്ള ആമുഖഭാഷണം നടത്തി.
ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റീ ഡോ.പി.എം. വാരിയര്‍ സ്വാഗതവും അഡീഷണല്‍ ചിഫ് ഫിസിഷ്യന്‍ ഡോ.കെ. മുരളീധരന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ശിവകുമാര്‍, സുബൈദ എന്നിവര്‍ക്ക് ആര്യവൈദ്യശാല ജീവനക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

 

 

 

Sharing is caring!