കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ താഴ്‌വാരത്തെ കൂറ്റന്‍ പാറയുടെ അടിഭാഗത്ത് 36 മീറ്റര്‍ നീളത്തിലാണ് വിള്ളല്‍

കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ താഴ്‌വാരത്തെ കൂറ്റന്‍ പാറയുടെ അടിഭാഗത്ത് 36 മീറ്റര്‍ നീളത്തിലാണ് വിള്ളല്‍

മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ മുത്തപ്പന്‍കുന്നിന് മറുഭാഗത്തെ തുടിമുട്ടിമലയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് താഴ്വാരത്തെ കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. മലമുകളിലെ കൂറ്റന്‍ പാറയുടെ അടിഭാഗത്ത് 36 മീറ്റര്‍ നീളത്തിലാണ് വിള്ളല്‍. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ മലയില്‍ ഇടിച്ചിലുണ്ടോയെന്ന് നോക്കാന്‍ പോയ പരിസരവാസികളാണ് വിള്ളല്‍ കണ്ടത്. 2019ല്‍ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ തുടിമുട്ടിമലയില്‍ വിള്ളല്‍ ഉണ്ടായിരുന്നു.

മലയുടെ താഴ്വാരത്തെ 54 കുടുംബങ്ങളോടാണ് സ്ഥലം സന്ദര്‍ശിച്ച പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ 48 കുടുംബങ്ങള്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെടുന്നവരാണ്. സബ് കലക്ടറുടെയും പി.വി.അന്‍വര്‍ എംഎല്‍എയുടെയും പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജന്റെയും നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മിക്ക കുടുംബങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ ഉള്ളതിനാല്‍&ിയുെ; ഇവിടം വിട്ടുപോകുന്നത് പ്രയാസമാണെന്ന് ആദ്യം അറിയിച്ചെങ്കിലും മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മാറിത്താമസിക്കുന്നതാണ് ഉചിതമെന്ന് ഇവരെ ബോധ്യപ്പെടുത്തുകയായിരുന്നു.

സ്ഥിരമായിട്ട് പുനരധിവാസം വേണമെന്ന് കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. ജിയോളജി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്ന് സബ് കലക്ടര്‍ അറിയിച്ചു. പെട്ടന്ന് സ്ഥല പരിശോധന നടത്താന്‍ മൈനിങ് ആന്‍ഡ് ജിയോളജി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന് സബ് കലക്ടര്‍ അറിയിച്ചു. പൂളപ്പാടം ഗവ. എല്‍പി സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാപ് ആരംഭിക്കാനുള്ള തയാറെടുപ്പ് നടത്തുന്നുണ്ട്. തഹസില്‍ദാര്‍ എം.പി.സിന്ധു, ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.സി.അരവിന്ദാക്ഷന്‍, കെ.സരിതകുമാരി, പോത്തുകല്ല് വില്ലേജ് ഓഫിസര്‍ ടി.മുഹമ്മദ് ഷമീര്‍, വില്ലേജ് അസിസ്റ്റന്‍് അനീസ്, പോത്തുകല്ല് പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.ബാബുരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Sharing is caring!