രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലപ്പുറത്തെ ഒമ്പതാംക്ലാസുകാരന്‍

രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലപ്പുറത്തെ ഒമ്പതാംക്ലാസുകാരന്‍

മലപ്പുറം: മലപ്പുറത്തുകാര്‍ക്ക് അഭിമാനമായി ഈ ഒമ്പതാംക്ലാസുകാരന്‍. രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താനുള്ള നിയോഗമാണ് മലപ്പുറം എടപ്പാളുകാരനായ എന്‍.എസ് ഭാനവിനു ലഭിച്ചത്.
ഇന്റ്റര്‍നാഷണല്‍ എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡില്‍ ദേശീയ അംഗീകാരമാണ് ഈകൊച്ചുമിടുക്കന് ലഭിച്ചത്. ഇന്ത്യന്‍ നാഷണല്‍ എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡില്‍ ഒന്നാം റാങ്ക് നേടിയ ഭാനവ് പിന്നീട് നടത്തിയ ക്യാമ്പിലും ഒന്നാമനായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രത്തിലേക്ക് നടന്ന് കയറിയത്. ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം, വിഷുവങ്ങളെയും ധ്രുവ നക്ഷത്രത്തിന്റെ അച്ചുതണ്ടിനെ ആസ്പദമാക്കിയുള്ള മാറ്റങ്ങളും, അവ കൊണ്ടുണ്ടാകുന്ന ഹിമയുഗങ്ങളും, പ്രകൃത്യായാലുള്ളതും അല്ലാത്തതുമായ ഭൂകമ്പങ്ങളിലുള്ള വ്യത്യാസങ്ങള്‍ എന്നിവയിലെ നിരീക്ഷണങ്ങളുമാണ് ഈ കുരുന്നു ബാലനെ അംഗീകാരത്തിന്റെ നെറുകയില്‍ എത്തിച്ചത്. ഇന്ത്യയെ അന്തര്‍ദേശീയ തലത്തിലേക്ക് അംഗീകാരത്തിനായി എത്തിക്കാന്‍ കേരളത്തില്‍ നിന്ന് ആദ്യമായി കടന്ന് വന്നത് ഭാനവ് തന്നെ. എടപ്പാള്‍ നടക്കാവിലെ ഭാരതീയ വിദ്യാ ഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നാടിന്റെ അഭിമാനമായ ഭാനവ്. എന്‍ എസ് . എടപ്പാള്‍ നടുവട്ടത്തെ ഡോക്ടര്‍ ദമ്പതികളായ ഡോ: സുനില്‍ ,ഡോ: ദീപ ശര്‍മ്മ എന്നിവരുടെ മകനാണ് ഇന്ത്യന്‍ നാഷണല്‍ എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡില്‍ വിജയ പടവുകള്‍ കയറിയത്. എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്ന ആഗോള എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡിന് ഇക്കൊല്ലം ഇറ്റലിയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇറ്റലിയില്‍ നടക്കുന്ന അന്തര്‍ദേശീയ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ ഭാനവിന് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയുമുണ്ട്. മിനിസ്ട്രി ഓഫ് എര്‍ത്ത് സയന്‍സ് & ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയാണ് നാഷ്ണല്‍ എന്‍ട്രന്‍സ് ടെസ്റ്റും പിന്നീട് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് ഒളിമ്പ്യാഡും നടത്തുന്നത്. സഹോദരി പ്രണവ ഭാനവിന് പിന്തുണയായി കൂടെയുണ്ട്. കൊച്ചുപ്രായത്തില്‍ തന്നെ തന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ പരതി നിരീക്ഷണങ്ങളും കണ്ടെത്തെലുകളും നടത്തുന്നതില്‍ കുട്ടി ഭാനവ് മികവ് പുലര്‍ത്തി. പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളായിരുന്നു എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡില്‍ ഭാനവിനൊപ്പം മത്സരിച്ചത്. ഇതില്‍ നിന്നാണ് ഒന്നാം റാങ്കോടെ ഭാനവ് മുന്നിലെത്തിയത്. അവഗണിക്കപ്പെട്ട് കിടക്കുന്ന ഭൗമശാസ്ത്രശാഖയെ പറ്റി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്താനുള്ള തീവ്ര പരിശ്രമത്തിലാണ് ഭാനവ് ഇപ്പോള്‍ ഇതിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹായം അനിവാര്യവുമാണ്. മൂവായിരത്തില്‍ ഏറെ പുസ്തകങ്ങളുമായി വീട്ടില്‍ തന്നെയുള്ള ലൈബ്രറി ഭാനവിന്റെ വിജയത്തിന് സഹായകരമായി.

 

Sharing is caring!