തിരൂരിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര

തിരൂരിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസയാത്ര

  തിരൂർ :കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂർ പാക്കേജ് തിരൂരിൽ നിന്നും ആരംഭിക്കാനുള്ള ശ്രമമാരംഭിച്ചു. മലക്കപ്പാറയിലേക്കോ മൂന്നാറിലേക്കോ ആയിരിക്കും ആദ്യ യാത്ര. ഈ രണ്ട് സ്ഥലങ്ങളിൽ നിന്നും ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അവസരം യാത്രക്കാർക്ക് തന്നെയാണ്. തിയ്യതി പിന്നീട് പ്രഖ്യാപിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 48 പേർക്കാണ് അവസരം. തിരൂർ, താനൂർ, പരപ്പനങ്ങാടി, കൂട്ടായി, പുറത്തൂർ, തിരുനാവായ, വൈലത്തൂർ, ആലത്തിയൂർ തുടങ്ങി തിരൂരിൻ്റെ പരിസര പ്രദേശങ്ങളിലുള്ളവർക്കും ഇതിൽ പങ്കാളിയാവാമെങ്കിലും തിരൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക
മലക്കപ്പാറ യാത്രയിൽ കാനനഭംഗി ആവോളം ആസ്വദിച്ചുള്ള വനയാത്രയാണ് മുഖ്യം.
പുലർച്ചെ 4.30ന് തിരൂരിൽ നിന്നും തുടങ്ങി ചാലക്കുടിയും കടന്ന് ആതിരപ്പിള്ളി – വാഴച്ചാൽ വെള്ളച്ചാട്ടത്തിൻ്റെ കാഴ്ചകളും കണ്ട് കാട് കയറും. ശേഷം വനത്തിലൂടെയുള്ള നീണ്ട യാത്രയും തേയിലത്തോട്ടങ്ങളും കടന്ന് മലക്കപ്പാറ എന്ന കേരള – തമിഴ്നാട് അതിർത്തി ഗ്രാമത്തിൽ എത്തിച്ചേരും. അന്നേ ദിവസം രാത്രി തന്നെ തിരിച്ച് തിരൂരിലെത്തുന്ന വൺഡേ ടൂറായിരിക്കും ഇത്. 720 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.
മൂന്നാർയാത്ര ഏകദേശം ഒന്നര പകലും ഒന്നര രാത്രിയുമെടുക്കുന്ന പാക്കേജ് ആണ് . തിരൂരിൽ നിന്നും രാവിലെ 10.00ക്ക് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും. ശേഷം കെ.എസ്.ആർ.ടി.സിയുടെ സ്ലീപ്പർ ബസിൽ രാത്രി ഉറങ്ങാനുള്ള സൗകര്യമുണ്ടാകും. പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ കെ.എസ്.ആർ.ടി.സിയുടെ   സൈറ്റ് സീയിംഗ് ബസിൽ മൂന്നാറിൻ്റെ മനോഹര കാഴ്ചകളിലേക്ക് പോകും. വൈകീട്ട് 5നാണ് സൈറ്റ് സീയിംഗ് ബസ് മൂന്നാർ ഡിപ്പോയിൽ തിരിച്ചെത്തുന്നത്. തുടന്ന് ഉടനെ നാട്ടിലേക്ക് തിരിക്കും. സൂപ്പർഫാസ്റ്റ് ബസിൽ 1,000 രൂപയാണ് ടിക്കറ്റ് നിരക്ക്. 1200 രൂപക്ക് 40 പുഷ്ബാക്ക് സീറ്റുളള സൂപ്പർ ഡീലക്സ് എയർ ബസും 1500 രൂപക്ക് 39 സീറ്റുള്ള ലോ ഫ്ലോർ എ.സി ബസും ലഭ്യമാണ്. പാക്കേജിൻ്റെ കൃത്യമായ വിവരങ്ങൾ പിന്നീട്.
ഭക്ഷണം, പ്രവേശന ഫീസുകൾ പാക്കേജിൽ
 ഉൾപ്പെടുന്നതല്ല.

Sharing is caring!