മലപ്പുറം ഗവ. കോളജിലെ കള്ളന്‍മാരായ പ്രവര്‍ത്തകരെ എസ്.എഫ്.ഐ പുറത്താക്കി

മലപ്പുറം ഗവ. കോളജിലെ കള്ളന്‍മാരായ പ്രവര്‍ത്തകരെ എസ്.എഫ്.ഐ പുറത്താക്കി

മലപ്പുറം: മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിക്ടര്‍ ജോണ്‍സണ്‍, ആദര്‍ശ് രവി,നീരജ് ലാല്‍,അഭിഷേക്, എന്നിവരെ എസ്എഫ്‌ഐ- യുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

എസ്എഫ്‌ഐ – കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഒരുലക്ഷം രൂപ വില വരുന്ന 11 ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ച സംഭവത്തില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു യൂണിറ്റ് പ്രസിഡന്റുമടക്കം ഏഴുപേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും തലശ്ശേരി സ്വദേശിയുമായ വിക്ടര്‍ ജോണ്‍സണ്‍, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് സ്വദേശി ആത്തിഫ് റഹ്മാന്‍, നന്മണ്ട സ്വദേശി ആദര്‍ശ് രവി, മഞ്ചേരി സ്വദേശി അഭിഷേക്, പുല്ലാര സ്വദേശി നീരജ് ലാല്‍, പന്തല്ലൂര്‍ സ്വദേശി ഷാലിന്‍, പാണ്ടിക്കാട് സ്വദേശി ജിബിന്‍ എന്നിവരാണ് പിടിയിലായത്. ജിബിന്‍ ഈ വര്‍ഷം ഡിഗ്രി പൂര്‍ത്തിയാക്കിയതാണ്. മറ്റുള്ളവരെല്ലാം മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ്. കോളേജിലെ സിസി ടിവി കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.
ജൂണ്‍ 27, 30 തിയതികളിലാണ് കോളേജിലെ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി ബാറ്ററികള്‍ മോഷ്ടിച്ചത്. കോളേജിലെ ഇന്റേണല്‍ ഓഡിറ്റിംഗിലാണ് മോഷണ വിവരം അധികൃതര്‍ അറിഞ്ഞത്. ജൂലായ് നാലിന് പ്രിന്‍സിപ്പല്‍ പൊലീസിന് പരാതി നല്‍കി. 11 ബാറ്ററികളില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നവയാണ്. ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനരഹിതമായ ബാറ്ററികളാണ് മോഷ്ടിച്ചത്. ബാറ്ററികള്‍ മുണ്ടുപറമ്പ്, കാവുങ്ങല്‍ എന്നിവിടങ്ങളിലെ ആക്രികടകളില്‍ വിറ്റു. ഈ തുക പ്രതികള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ടെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസ് പറഞ്ഞു. ബാറ്ററികള്‍ ആക്രികടകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതില്‍ ഹാജരാക്കി മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.

 

 

Sharing is caring!