മലപ്പുറം കോഡൂര്‍ വലിയാട്ടില്‍ ഗൈല്‍ പൈപ്പ് ലൈനിന് വേണ്ടി കീറിയ കുഴിയിലേക്ക് ഗുഡ്സ് വാഹനം വീണ് ഒരാള്‍ മരിച്ചു

മലപ്പുറം കോഡൂര്‍ വലിയാട്ടില്‍ ഗൈല്‍ പൈപ്പ് ലൈനിന് വേണ്ടി കീറിയ കുഴിയിലേക്ക് ഗുഡ്സ് വാഹനം വീണ് ഒരാള്‍ മരിച്ചു

മലപ്പുറം: മലപ്പുറം കോഡൂര്‍ വലിയാട്ടില്‍ ഗൈല്‍ പൈപ്പ് ലൈനിനു വേണ്ടി കീറിയ കുഴിയിലേക്ക് ഗുഡ്സ് വാഹനം വീണ് ഒരാള്‍ മരിച്ചു. വലിയാട് സ്വദേശി അല്ലക്കാട്ട് ബീരാന്റെ മകന്‍ ഇബ്രാഹിം (50) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 മണിക്ക് റോഡിലൂടെ കാല്‍നടയായി പോകുകയായിരുന്ന ഇദ്ദേഹത്തെ അതുവഴി കടന്നു വന്ന ഗുഡ്സ് വാഹനം കുഴിയില്‍ ചാടി ഇദ്ദേഹത്തിനു മേല്‍ മറിയുകയായിരുന്നു.
ഇതു സംബന്ധിച്ച് കോഡൂര്‍ പഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടറെയും ഇന്ത്യന്‍ഓയില്‍ അദാനി ഗ്യാസ് മാനേജര്‍ ഹരികൃഷ്ണനെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തി. യാതൊരുവിധ സുരക്ഷയും ഉറപ്പു വരുത്താതെയാണ് കുഴികീറിയത്. കുഴി കീറിയതിനു ശേഷം അധികാരികള്‍ തിരിഞ്ഞു നോക്കിയിട്ടില്ല. പലപ്പോഴും ഫോണില്‍ വിളിക്കുമ്പോള്‍ ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.
വലിയാട് ചട്ടിപ്പറമ്പ് റോഡില്‍ മാത്രം 11 ഓളം കുഴികളാണ് ഗൈലിന് വേണ്ടി കീറിയിട്ടുള്ളത്. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് സിറ്റിയാസ് പദ്ധതി പ്രകാരം ലിഖിത ഗ്രൂപ്പ് ആണ് പദ്ധതി ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. റോഡരികില്‍ കുഴി കീറിയാന്‍ ഉടന്‍ തൂര്‍ക്കണമെന്നാണ് കരാര്‍. എന്നാല്‍ മാസങ്ങളായി കുഴികള്‍ അടക്കാതെ അപകടം ക്ഷണിച്ചു വരുത്തുകയാണ് അധികാരികള്‍.
വലിയാട്ടില്‍ റോഡരികില്‍ ഈ പ്രവൃത്തിക്കായി കീറിയ കുഴിയിലെ മണ്ണ് അഴുക്കു ചാലിലേക്ക് തളളുകയും ഇതുമൂലം അഴുകുചാലിലൂടെ വെള്ളം ഒഴുകാതെ റോഡിലൂടെ കുത്തിയൊലിക്കുകയാണ് ചെയ്യുന്നത്.
അശാസ്ത്രീയപരമായി കീറിയ കുഴിയാണ് അപകട കാരണമെന്ന് കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ ഗ്യാസ് അതോറിറ്റിക്കാരോ കരാറുകാരനോ യാതൊരുവിധ ഉത്തരവാദിത്വവും കാണിക്കുന്നില്ലെന്നും ഗ്രാമപഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ കുഴി അടക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. അപകട സ്ഥലത്തെ ഡ്രൈനേജിലെ മണ്ണ് മാറ്റുമെന്നും കുഴി അടക്കാന്‍ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ പണി ആരംഭിക്കുമെന്നും ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് അതോറിറ്റിയുടെ മാനേജര്‍ ഹരികൃഷ്ണന്‍ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിര സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ കെ എന്‍ ഷാനവാസ്, മെമ്പര്‍മാരായ കെ ടി റബീബ്, അജ്മല്‍ ടി, മുംതാസ് വില്ലന്‍, ജൂബി മണപ്പാട്ടില്‍ , ആസിഫ് മുട്ടിയറക്കല്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു

 

Sharing is caring!