ബി.ജെ.പി. നേതാവ് ശങ്കു ടി ദാസിന് മലപ്പുറം ചമ്രവട്ടത്ത്‌വെച്ച് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

ബി.ജെ.പി. നേതാവ് ശങ്കു ടി ദാസിന് മലപ്പുറം ചമ്രവട്ടത്ത്‌വെച്ച് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

മലപ്പുറം: ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഇന്നലെ രാത്രി ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ ആണ് അപകടം ഉണ്ടായത്. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആണ് ശങ്കു ടി ദാസിനെ പ്രവേശിപ്പിച്ചത്. കരളിനാണ് പരിക്കേറ്റതെന്നും ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ശങ്കുദാസിനെ ഇടിച്ച ബൈക്കിലുണ്ടായിരുന്നവര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ആ ബൈക്കിലുണ്ടായിരുന്നവരാണ് അപകട വിവരം പൊലീസിനെ അടക്കം അറിയിച്ചത്.
ബാര്‍ കൗണ്‍സില്‍ അംഗമായ ശങ്കു ടി ദാസ്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ചെമ്പോല തിട്ടൂരം എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ നിര്‍മിച്ച വ്യാജരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നല്‍കിയതും ശങ്കു ടി ദാസ് ആണ്.

ശങ്കു ടി ദാസിനുണ്ടായ അപകടത്തില്‍ ദുരൂഹതയുള്ളതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. . എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. ശങ്കു സഞ്ചരിച്ചിരുന്ന ബൈക്ക് അസാധാരണമായ രീതിയില്‍ മറ്റൊരു ബൈക്കില്‍ ഇടിച്ചുവെന്നാണ് ആരോപണം. ഈ ബൈക്കില്‍ രണ്ട് യുവാക്കളുണ്ടായിരുന്നു. ഇവര്‍ക്കും സാരമായി പരിക്കേറ്റുവെന്നും പറയുന്നു. എന്നാല്‍ സമ്പൂര്‍ണ്ണ ദുരൂഹതകളാണ് ആ അപകടത്തില്‍ ഇപ്പോഴുമുള്ളത്. ശങ്കുവന്റെ ബൈക്ക് ഇടിച്ച വാഹനത്തേയും യുവാക്കളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരൂഹതയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

എന്നാല്‍ ശങ്കുവിന്റെ വാഹനത്തെ മറ്റൊരു വാഹനം ഇടിച്ചു തെറുപ്പിച്ച ശേഷം ബൈക്കില്‍ ഇടിച്ചതാണോ എന്ന സംശയവും സജീവമാണ്. അപകടത്തിന് മുമ്പ് സ്ഫോടനം ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞതായി ജന്മഭൂമിയും റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ തല്‍കാലം സംശയമുണ്ടാകുന്ന തരത്തിലെ പ്രതികരണങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. അനാവശ്യ ആശങ്ക സൃഷ്ടിക്കുന്ന പ്രതികരണം വേണ്ടെന്നതാണ് അവരുടെ നിലപാട്. അതേസമയം, ഓഫീസില്‍ നിന്നും ശങ്കു ഇറങ്ങുന്നത് കാത്തു നിന്ന ഏതോ അജ്ഞാത സംഘം അമിത വേഗതയില്‍ എത്തി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണു സോഷ്യല്‍ മീഡിയ സംസാരം.

ചമ്രവട്ടം പാലത്തിനടുത്തുള്ള പെരുന്നല്ലൂരില്‍ വെച്ച് രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. ശങ്കുവിന്റെ ജീവന് അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഒരു വിഭാഗം ആരോപണം. ഷാജ് കിരണുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിയമ പോരാട്ടത്തിന് ശങ്കുവിനെയാണ് സന്ദീപ് വാര്യര്‍ ചുമതലപ്പെടുത്തിയിരുന്നത്. ശബരിമല വ്യാജ ചെമ്പോല അടക്കമുള്ള വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ആളായ ശങ്കു ടി. ദാസിന്റെ അപകടത്തില്‍ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.

 

Sharing is caring!