മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് ബുക്ക് ചെയ്തത് കെ.എസ്.ആര്‍.ടി.സി, വന്നത് സ്വകാര്യ ടൂറിസ്റ്റ് ബസ് യാത്രക്കാരുടെ പ്രതിഷേധം

മലപ്പുറത്തുനിന്നും മൂന്നാറിലേക്ക് ബുക്ക് ചെയ്തത് കെ.എസ്.ആര്‍.ടി.സി, വന്നത് സ്വകാര്യ ടൂറിസ്റ്റ് ബസ് യാത്രക്കാരുടെ പ്രതിഷേധം

മലപ്പുറം: ഉല്ലാസയാത്രക്ക് കെഎസ്ആര്‍ടിസി ബസിന് പകരം സ്വകാര്യ ടൂറിസ്റ്റ് ബസ് ഏര്‍പ്പാടാക്കിയതില്‍ യാത്രക്കാരുടെ പ്രതിഷേധം. മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബുധനാഴ്ച മൂന്നാറിലേക്ക് ഉല്ലാസയാത്രക്ക് എത്തിയ യാത്രക്കാരാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. സാധാരണരീതിയില്‍ മലപ്പുറത്ത് നിന്ന് മൂന്നാറിലേക്കുള്ള ഉല്ലാസയാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ തന്നെയാണ് സര്‍വീസ് നടത്താറുള്ളത്.

എന്നാല്‍ ഇന്ന് ഇതിന് മൂന്നാറിലേക്കുള്ള ഉല്ലാസ യാത്രയ്ക്ക് കെഎസ്ആര്‍ടിസി ബസിന് പകരം സ്വകാര്യ ടൂറിസ്റ്റ് ബസ് ഏര്‍പ്പാടാക്കുകയായിരുന്നു. ഇതിനെതിരെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോക്ക് ഏറെ വരുമാനം നേടിത്തരുന്ന മൂന്നാര്‍ ഉല്ലാസയാത്രക്കാണ് സ്വകാര്യ ബസുകള്‍ ഏര്‍പ്പാടാക്കിയത്. കെഎസ്ആര്‍ടിസി ബസിലെ മൂന്നാര്‍ യാത്രയ്ക്ക് യാത്രക്കാരും ഏറെയായിരുന്നു.

കെഎസ്ആര്‍ടിസി ബസിലെ യാത്രയ്ക്കായാണ് ഈ സര്‍വീസ് തെരഞ്ഞെടുത്തതെന്നും സ്വകാര്യ ബസില്‍ യാത്ര ചെയ്യാനാണെങ്കില്‍ മറ്റേതെങ്കിലും ട്രാവല്‍സിനെ സമീപിച്ചാല്‍ മതിയല്ലോ എന്നായിരുന്നു യാത്രക്കാരുടെ ചോദ്യം. കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യ ബസ് ലോബിയും തമ്മിലുള്ള ധാരണയാണിതെന്നും യാത്രക്കാര്‍ ആരോപിച്ചു. യാത്രക്കാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ മലപ്പുറം എസ്‌ഐ അമീറലിയുടെ നേതൃത്വത്തില്‍ പോലീസ് ഡിപ്പോയിലെത്തി യാത്രക്കാരുമായും ഡിപ്പോ അധികൃതരുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്ന് യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് തന്നെ വിട്ട് നല്‍കുകയും ചെയ്തു. ഇതോടെയാണ് മൂന്നാര്‍ ഉല്ലാസയാത്രയുടെ അനിശ്ചിതത്വം നീങ്ങിയത്.

Sharing is caring!