കടലാക്രമണ ഭീഷണി; പൊന്നാനി തീരമേഖലയില്‍ ചെല്ലാനം മാതൃകയില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള സാങ്കേതിക പഠനത്തിന് തുടക്കം

കടലാക്രമണ ഭീഷണി; പൊന്നാനി തീരമേഖലയില്‍ ചെല്ലാനം മാതൃകയില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നതിനുള്ള സാങ്കേതിക പഠനത്തിന് തുടക്കം

മലപ്പുറം: കടലാക്രമണ ഭീഷണി നേരിടുന്ന പൊന്നാനി തീരമേഖലയില്‍ ചെല്ലാനം മാതൃകയില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതിക വിദഗ്ദരുടെ പഠനത്തിന് തുടക്കമായി.2018-19 ലെ ഭാരതപ്പുഴയോരത്തെ പ്രളയെത്തുടര്‍ന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നുള്ള പഠനത്തിനും, കടലാക്രമണ പ്രതിരോധത്തിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗം ഏതെന്ന് കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് വിദഗ്ദ സംഘം പൊന്നാനി കടലോരത്ത് സന്ദര്‍ശനം നടത്തിയത്. ഇതിനായി കാപ്പിരിക്കാട് മുതല്‍ പൊന്നാനി അഴിമുഖം വരെയുള്ള തീരദേശത്താണ് സാധ്യതാപഠനം നടത്തുന്നത്.പഠനത്തിനു മുന്നോടിയായാണ് ചെല്ലാനം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും തീരമേഖകള്‍ സന്ദര്‍ശിച്ചു. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, ഹിളര്‍പള്ളി, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടന്നത്. ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖത്തും സമഗ്രപഠനം നടത്തും. സെന്റര്‍ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സി.ഡബ്ലിയു.ആര്‍.ഡി.എം.)ആണ് അഴിമുഖത്തിന്റെ വലുപ്പത്തെക്കുറിച്ച് പഠനം നടത്തുന്നത്. പൊന്നാനിയുടെ സാഹചര്യം മനസിലാക്കിയുള്ള പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറും. പിന്നീട് ഉചിതമായ കടലാക്രമണ പ്രതിരോധ മാര്‍ഗ്ഗം സ്വീകരിക്കാനാണ് തീരുമാനം.
കെ.ഇ.ആര്‍.ഐ സൂപ്രണ്ടിങ് എഞ്ചിനീയര്‍ സുപ്രഭ, ചെല്ലാനം പ്രോജക്ട് മാനേജ്മെന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അബ്ബാസ്, കോസ്റ്റല്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അജ്മല്‍, പൊന്നാനി ഇറിഗേഷന്‍ അസി.എഞ്ചിനീയര്‍ സുരേഷ്, മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തിയത്.

 

Sharing is caring!