മലപ്പുറത്തെ ഈ മോട്ടോ റേസര്‍ ചില്ലറക്കാരനല്ല

മലപ്പുറം: മലപ്പുറം പൊന്നാനി സ്വദേശിയായ ശരത് മോഹന്‍ കേരളത്തില്‍നിന്നും ഉയര്‍ന്നുവരുന്ന യുവ മോട്ടോ റേസര്‍ ആണ്. പ്രൊഫെഷണലായി തന്നെ മോട്ടോ റേസ്, റാലികള്‍ എന്നിവയില്‍ പങ്കെടുക്കുകയും നിരവധി ചാമ്പ്യന്‍ പട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ശരത്തിനെ അറിയാം.

പന്ത്രണ്ടാം വയസ്സിലാണ് ശരത് മോഹന്‍ ബൈക്ക് ഓടിക്കാന്‍ തുടങ്ങുന്നത്. ദൂരത്തെ വേഗം കൊണ്ട് കീഴ്‌പ്പെടുത്തുന്ന റേസിങ് മത്സരങ്ങളോട് അന്ന് മുതല്‍ തന്നെ ഭ്രമം തുടങ്ങി. ട്രാക്കുകളില്‍ ചീറി പായുന്ന മോട്ടോ റാലികളില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി സാഹസികത ആവശ്യമുള്ള ഡേര്‍ട്ട് റെയ്സ്, റാലി കോമ്പറ്റിഷന്‍സ് എന്നിവയാണ് ശരത്തിനെ ആകര്‍ഷിച്ചത്. ഓട്ടോമൊബൈല്‍ ആന്‍ഡ് എഞ്ചിനീറിങ്ങില്‍ ഡിപ്ലോമയും, ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ബിരുദവും നേടിയ ശരത് തന്റെ മേഖല ബൈക് റേസിങ് ആണെന്ന് കണ്ടെത്തി അതിലേക്ക് തിരിയുകയായിരുന്നു.

2014 മുതല്‍ പരിശീലനം ആരംഭിച്ച ശരത് പിന്നീട് പ്രൊഫഷണല്‍ ആയി പരിശീലനം വിപുലീകരിച്ചു. നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയ ആദ്യഘട്ട പരിശീലനങ്ങള്‍ക്കൊടുവില്‍ ശരത് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. 2017 മുതല്‍ പ്രധാനപ്പെട്ട റാലി ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയം കൊയ്താണ് ശരത് മുന്നേറുന്നത്. എം ആര്‍ എഫ് നാഷണല്‍ സൂപ്പര്‍ക്രോസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്ന് റൗണ്ടുകളിലും വിജയിച്ചായിരുന്നു ശരത് വരവ് അറിയിച്ചത്. തുടര്‍ന്ന് 2018 ലും 2020 ലും 21 ലും 22 ലും ശരത് തന്റെ വിജയം ആവര്‍ത്തിച്ചു.

വിജയത്തിന്റെ ഫ്‌ലാഗുകള്‍ ഒന്നൊന്നായി സ്വന്തമാക്കി മുന്നേറുന്നതിനിടയില്‍ നാഷണല്‍ ചാമ്പ്യന്‍ എന്ന സ്വപ്നത്തിന്റെ പടിവാതിലില്‍ എത്തിയപ്പോഴാണ്, 2021 ഡിസംബറില്‍ അപകടം റെഡ് സിഗ്‌നലായി ശരത്തിന്റെ ജീവിതത്തിന് ബ്രേക്ക് ഇട്ടത്. ഗുരുതരമായ അപകടത്തില്‍ ശരത്തിനു കാര്യമായ പരിക്ക് പറ്റി. ജീവിതം ഒറ്റ നിമിഷം കൊണ്ട് ബ്രേക്ക് ഡൌണ്‍ ആയി. എല്ലാം അവസാനിക്കുകയാണെന്നു കരുതിപോകുന്ന മാസങ്ങള്‍. പക്ഷേ ശരത് വിട്ടുകൊടുത്തില്ല.

 

റേസ് ട്രാക്കിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്കപ്പുറം ജീവിതത്തിന്റെ ഉദയം അവന്‍ സ്വപ്നം കണ്ടു. ദൃഢനിശ്ചയവും, മരുന്നും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയും കൊണ്ട് വീണ്ടും ഹെല്‍മറ്റും റേസിംഗ് ഗിയറുകളുമണിഞ്ഞ് ട്രാക്കിലെത്തി. തുടര്‍ന്ന് പങ്കെടുത്ത റേസുകളിലെല്ലാം വിജയക്കൊടി നാട്ടി.

സാമ്പത്തികമായി നല്ല മുതല്‍മുടക്ക് ആവശ്യമുള്ള മേഖല കൂടിയാണിത്. നിലവില്‍ ഈ പരിശീലനങ്ങള്‍ക്കും മറ്റുമുള്ള പണം സ്വയം കണ്ടെത്തുകയാണ് ശരത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലും തുടര്‍ച്ചയായ വിജയങ്ങളും, ചാമ്പ്യന്‍ പട്ടങ്ങളും കരസ്ഥമാക്കിയ ശരത്, തന്റെ കഴിവ് കണ്ടു സ്പോണ്‍സര്‍ഷിപ്പ് നല്‍കി തന്നെ പിന്തുണയ്ക്കാന്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍. തന്റെ വിജയങ്ങള്‍ കൊണ്ട് അത് സാധ്യമാകുമെന്നും ശരത്ത് വിശ്വസിക്കുന്നു.

ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല എന്നുള്ള പരിഭവം ഉണ്ടെങ്കിലും, വലിയ സ്വപ്നങ്ങളാണ് ഈ യുവാവ് നെയ്യുന്നത്. ഈ വര്‍ഷം തന്നെ അബുദാബിയില്‍ നടക്കാനിരിക്കുന്ന ഡെസേര്‍ട്ട് ചലഞ്ച് ആണ് പ്രധാന മത്സരം. ഒപ്പം ദേശിയ തലത്തിലുള്ള റാലികള്‍ വേറെയും ഉണ്ട്.

Sharing is caring!