മമ്പാട് മുജീബിന്റെ മരണം ക്രൂരമായ പീഢനത്തെ തുടര്‍ന്നുള്ള ആത്മഹത്യ. 12പേര്‍ അറസ്റ്റില്‍

മമ്പാട് മുജീബിന്റെ മരണം ക്രൂരമായ പീഢനത്തെ തുടര്‍ന്നുള്ള ആത്മഹത്യ. 12പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം മമ്പാട് തുണിക്കടയുടെ ഗോഡൌണില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന്റെ മരണം ക്രൂരമായ ശാരീരിക പീഢനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് പോലീസ് നിഗമനം. മുജീബിനെ താമസ സ്ഥലത്തു നിന്നും കൂട്ടി കൊണ്ടു വന്ന് തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച 12 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മമ്പാട് തുണിക്കട ഉടമ മഞ്ചേരി കാരക്കുന്ന് സ്വദേശികളായ മൂലത്ത് അബ്ദുള്‍ ഷഹദ് എന്ന ബാജു(23), നടുവന്‍തൊടിക ഫാസില്‍(23), കൊല്ലേരി മുഹമ്മദ് മിഷാല്‍(22), ചിറക്കല്‍ മുഹമ്മദ് റാഫി(23), പയ്യന്‍ ഷബീബ്(28), പുല്‍പ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീര്‍ അലി എന്ന കിളി(23), മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ് റാഫി(27), മംഗലശ്ശേരി സ്വദേശി നമ്പന്‍കുന്നന്‍ മര്‍വാന്‍ എന്ന മെരു(23), കാരാപറമ്പ് സ്വദേശി വള്ളിപ്പാടന്‍ അബ്ദുള്‍ അലി(36), നറുകര സ്വദേശി പുത്തലത്ത് ജാഫര്‍(26), മഞ്ചേരിയിലെ വാടക സ്റ്റോര്‍ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ്(56), ഇയാളുടെ മകന്‍ മുഹമ്മദ് അനസ്(25) എന്നിവരെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഈ മാസം 17 നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ചെയ്തു കൊടുക്കുന്നയാളാണ് മരിച്ച മുജീബ് റഹ്മാന്‍. രണ്ടുമാസം മുന്‍പ് തുണിക്കട ഉടമ ഷഹദിന്റെ മഞ്ചേരി 32 ലുള്ള ഹാര്‍ഡ് വേഴ്സില്‍ നിന്നും 64000 രൂപ വില വരുന്ന സാധനങ്ങള്‍ വാങ്ങിയിരുന്നു. പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുത്തില്ല. മുജീബിന്റെ താമസസ്ഥത്ത് അന്വേഷിച്ചെങ്കിലും മുജീബ് അവിടെ നിന്നും താമസം മാറിയിരുന്നു. തുടര്‍ന്ന് ഷഹദ് കൂട്ടുകാരുമായി ചേര്‍ന്ന് മുജീബിനെ തട്ടി കൊണ്ടു വരാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനായി മുജീബിന്റെ സഹായികളായി മുന്‍പ് ജോലി ചെയ്തിരുന്ന മഞ്ചേരി ടൌണിലെ ഓട്ടോ ഡ്രൈവര്‍മാരായ അബ്ദുള്‍ അലിയുടേയും, ജാഫറിന്റേയും സഹായം തേടി. ഇതിനായി ഇവര്‍ക്ക് 10000 രൂപയും ഷഹദ് വാഗ്ദാനം ചെയ്തു. അബ്ദുള്‍ അലിക്കും മുജീബ് പണം കൊടുക്കാനുണ്ടായിരുന്നു. ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലം മനസ്സിലാക്കിയ അബ്ദുള്‍ അലി, ജാഫറിനേയും കൂട്ടി, 17 ന് ഉച്ച കഴിഞ്ഞ് 03.30 മണിയോടെ മുജീബിന്റെ ജോലി സ്ഥലത്തെത്തി പണം തിരികെ ചോദിച്ച് വാക്കു തര്‍ക്കം ഉണ്ടാകുകയും ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് സ്ഥലത്തു നിന്നും മടങ്ങി പോയ അബ്ദുള്‍ അലിയും ജാഫറും മഞ്ചേരിയില്‍ എത്തി ഷഹദിനേയും, മഞ്ചേരിയില്‍ വാടക സ്റ്റോര്‍ നടത്തുന്ന കുഞ്ഞഹമ്മദിനേയും, മകന്‍ മുഹമ്മദ് അനസിനേയും തുറക്കലേക്ക് വിളിച്ചു വരുത്തി. ഇവരുടെ കടയില്‍ നിന്നും വാടകക്കെടുത്ത സാധനങ്ങള്‍ തിരിച്ചു കൊടുക്കാത്തതിനാല്‍ ഇവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഷഹദും, സുഹൃത്ത് മഞ്ചേരി മാലാംകുളം സ്വദേശി ഷാഹുലും കാറില്‍ തുറക്കലെത്തി. അവിടെ വെച്ച് എല്ലാവരും ഒരുമിച്ച് മുജീബിനെ ബലമായി പിടിച്ചു കൊണ്ടു വന്ന് പണം തിരിച്ചു വാങ്ങാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. തുടര്‍ന്ന് ഷഹദിന്റെ കാറിലും ജാഫറിന്റെ ഓട്ടോറിക്ഷയിലുമായി വൈകുന്നേരം 07.00 മണിയോടെ ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലത്തെത്തിയ പ്രതികള്‍ മുജീബിനെ ബലമായി കാറില്‍ കയറ്റി തട്ടി കൊണ്ടു പോരുകയായിരുന്നു. തുടര്‍ന്ന് കാരക്കുന്ന് ഹാജ്യാര്‍ പള്ളി എന്ന സ്ഥത്തെ വിജനമായ ഗ്രൌണ്ടിലെത്തിച്ച് കൈകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പണം അടുത്ത ദിവസം രാവിലെ എത്തിച്ചു തരാമെന്ന് അറിയിച്ചിട്ടും പ്രതികള്‍ മര്‍ദ്ദനം തുടരുകയും നിലവിളിക്കാന്‍ ശ്രമിച്ച മുജീബിന്റെ വായില്‍ തുണി തിരുകിയും പ്രതികള്‍ മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ധനത്തിന്റെ ഫോട്ടോ പ്രതികള്‍ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

പണം കിട്ടാതെ വന്നപ്പോള്‍ പണം കിട്ടിയിട്ടേ നീ പുറം ലോകം കാണൂ എന്നു ഭീഷണിപ്പെടുത്തി പ്രതികള്‍ മുജീബിനെ ഷഹദിന്റെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേര്‍ന്നുള്ള ഗോഡൌണില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെ 04.30 മണിയോടെ കാറില്‍ മുജീബിനെ കയറ്റി ഗോഡൌണില്‍ എത്തിക്കുകയും കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച് വീണ്ടും മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നേരം വെളുത്ത് ടൌണില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ പ്രതികള്‍ മര്‍ദ്ദനം അവസാനിപ്പിച്ച് മുജീബിനെ റൂമില്‍ പൂട്ടിയിട്ട് പുറത്തേക്കു പോയി. മുമ്പ് ബാങ്കിന്റെ സ്ട്രോംങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവുമെത്താത്ത മുറിയിലാണ് മുജീബിനെ ബന്ധിച്ചത്. തുടര്‍ന്ന് വീട്ടില്‍ പോയ പ്രതികള്‍ രാവിലെ 10.00 മണിയോടെ തിരിച്ചെത്തിയ ഗോഡൌണ്‍ തുറന്നുനോക്കിയപ്പോള്‍ മുജീബ് തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തു കിടത്തി തുണിയിട്ടു മൂടുകയായിരുന്നു. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്തതിനാലും പറഞ്ഞ സമയത്ത് പണം തിരിച്ചു കൊടുക്കാന്‍ നിവൃത്തിയില്ലാതെ ഗോഡൌണിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.

ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഒന്നാം പ്രതി ഷഹദിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലീസ് മേധാവി സുജിത് ദാസി ന്റെ മേല്‍ നോട്ടത്തില്‍ ഡി.വൈ.എസ്.പി: മാരായ സാജു.കെ.അബ്രഹാം, കെ.എം.ബിജു, എസ്.ഐ മാരായ നവീന്‍ഷാജ്, എം.അസ്സൈനാര്‍, എ.എസ്.ഐക മാരായ വി.കെ.പ്രദീപ്, റെനി ഫിലിപ്പ്, സതീഷ് കുമാര്‍, അനില്‍ കുമാര്‍.കെ, ജാഫര്‍.എ, സുനില്‍.എന്‍.പി, ആഷിഫ് അലി.കെ.ടി, ടി.നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

 

 

Sharing is caring!