വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയ ഇന്നോവയുടെ പാര്‍ട്‌സ് മോഷ്ടിക്കാന്‍ ശ്രമം: മലപ്പുറത്ത് നാലുപേര്‍ പിടിയില്‍

വര്‍ക്ക്‌ഷോപ്പില്‍ നിര്‍ത്തിയ ഇന്നോവയുടെ പാര്‍ട്‌സ് മോഷ്ടിക്കാന്‍ ശ്രമം: മലപ്പുറത്ത് നാലുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം അരീക്കോട് മുണ്ടംപറമ്പിലെ വര്‍ക്ക് ഷോപ്പില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിലെ പാര്‍ട്‌സ് മോഷ്ടിക്കാന്‍ ശ്രമം: മലപ്പുറത്ത് നാലുപേര്‍ പിടിയില്‍. നാലു യുവാക്കളെ അരീക്കോട് പോലീസാണ് അറസ്റ്റു ചെയ്തത്. മൊറയൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍ (22), മുഹമ്മദ് നുഹയില്‍ (24), അരിമ്പ്ര സ്വദേശികളായ അജ്മല്‍ (25), മുര്‍ഷിദ് (25) എന്നിവരെയാണ് അരീക്കോട് എസ്എച്ച്ഒ സി വി ലൈജുമോന്‍ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മുണ്ടംപറമ്പിലെ വര്‍ക്ക് ഷോപ്പില്‍ എത്തിയ നാലംഗ സംഘം ഇവിടെ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറില്‍ നിന്ന് പാര്‍ട്‌സുകള്‍ ഊരി മാറ്റി കടത്താന്‍ ശ്രമിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് പാര്‍ട്‌സ് ഊരി മാറ്റുന്നത് കണ്ട പ്രദേശവാസികള്‍ ഇവരെ പിടികൂടി. തുടര്‍ന്ന് അരീക്കോട് പോലീസിനു കൈമാറുകയായിരുന്നു.
യുവാക്കളില്‍ ഒരാളുടെ ഇന്നോവ കാറിന്റെ പാര്‍ട്‌സുകള്‍ തകരാറിലായതിനെ തുടര്‍ന്നാണ് വര്‍ക്ക് ഷോപ്പിലെ ഇന്നോവ കാറിന്റെ പാര്‍ട്‌സ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയതെന്ന് അരീക്കോട് പോലീസ് പറഞ്ഞു. ഞായറാഴ്ച അവധി ദിവസമായതിനാല്‍ രാത്രിയില്‍ വര്‍ക്ക് ഷോപ്പില്‍ പണിക്കാര്‍ ഉണ്ടായിരുന്നില്ല. ഈ സമയമാണ് പ്രതികള്‍ മോഷണത്തിന് തിരഞ്ഞെടുത്തത്. പ്രതികള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സി വി ലൈജുമോന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അമ്മദ്, സുബ്രഹ്മണ്യന്‍, കബീര്‍, രതീഷ്, രാഹുലന്‍, ജിനേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 

 

Sharing is caring!