കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്

മുന്‍ മന്ത്രി കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞത് വെളിപ്പെടുത്തുമെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കോടതിയോടാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അതിനെതിരെ ഗൂഢാലോചന നടത്തിയത് കെ.ടി.ജലീല്‍ ഉള്‍പ്പെടെയുള്ളവരാണെന്നും സ്വപ്ന ആരോപിച്ചു.

ഷാജ് കിരണെന്നു പറഞ്ഞ ഒരു വ്യക്തിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിനിധിയായി എന്റെ അടുത്തേക്ക് വിട്ട് ഇതൊരു ഒത്തുതീര്‍പ്പ് നടപടികളിലേക്ക് എത്തിച്ചത് ആരാണ്? ശരിക്കുള്ള ഗൂഢാലോചന എവിടെയാണ് നടന്നിരിക്കുന്നത്? ഞാന്‍ കോടതിക്കു മുന്‍പാകെയാണ് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത്. അതില്‍ കെ.ടി.ജലീലിന്റെ പേരു പരാമര്‍ശിച്ചിട്ടുണ്ട്.

പക്ഷേ, ഞാന്‍ ആരെയും അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും ഞാന്‍ നടത്തിയിട്ടുമില്ല. എന്നാല്‍ ഗൂഢാലോചന നടത്തിയെന്ന് കെ.ടി.ജലീല്‍ എനിക്ക് എതിരെ കേസുകൊടുത്തിട്ട്, അവരു പറഞ്ഞുവിട്ട പ്രതിനിധിയെ സാക്ഷിയാക്കി അവരാണ് ഗൂഢാലോചന നടത്തിയത്. കെ.ടി.ജലീലിനെ കുറിച്ച് രഹസ്യമൊഴിയില്‍ പറഞ്ഞത് ഉടനെ വെളിപ്പെടുത്തും.

എന്തൊക്കെ കുറ്റകൃത്യങ്ങളാണോ ജലീല്‍ ചെയ്തിട്ടുള്ളത് അത് പുറത്തുവിടും. രഹസ്യമൊഴി പുറത്തുവരുമ്പോള്‍ മാത്രം ജനം അതേക്കുറിച്ച് അറിഞ്ഞാല്‍ മതി എന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ ജലീല്‍ എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ നടപടികള്‍ കൈക്കൊള്ളുകയാണ്. എന്റെയടുത്തേക്ക് ഒത്തുതീര്‍പ്പിനായി ആളുകളെ അയയ്ക്കുന്നു. എന്റെ മേല്‍ ഒരുപാട് കേസ് ഇങ്ങനെ ഇട്ടോണ്ടിരിക്കട്ടെ. പക്ഷേ അതൊന്നും ഞാന്‍ കാര്യമാക്കില്ല. ജലീലിനെതിരായ വിവരങ്ങളെല്ലാം പുറത്തുവിടും’ സ്വപ്ന പറഞ്ഞു.

വീടിന്റെ പരിസരത്തുള്ള പൊലീസിനെ പിന്‍വലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്റെ സുരക്ഷയ്ക്കായി രണ്ടു പേരെ താന്‍ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ പൊലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

 

Sharing is caring!