മലപ്പുറത്ത് നിരവധി കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ശശിമാഷിന് ജാമ്യം ലഭിച്ചു

മലപ്പുറത്ത് നിരവധി കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ശശിമാഷിന് ജാമ്യം ലഭിച്ചു

മലപ്പുറം: നിരവധി കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മലപ്പുറത്തെ മൂന്‍ അദ്ധ്യാപകനും സി.പി,എം മലപ്പുറം നഗരസഭാ കൗണ്‍സിലറുമായിരുന്ന പ്രതിക്ക് ജാമ്യം.
മലപ്പുറം സെന്റ്ജെമ്മാസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയില്‍ റിമാന്റില്‍ കഴിയുന്ന അദ്ധ്യാപകനാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജാമ്യം അനുവദിച്ചു. മലപ്പുറം ഡിപിഒ റോഡില്‍ രോഹിണിയില്‍ കിഴക്കെവെള്ളാട്ട് ശശികുമാര്‍ (56)നാണ് ജഡ്ജി കെ ജെ ആര്‍ബി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ടാള്‍ ജാമ്യം, എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും രാവിലെ 9 നും 11 നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം. ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളില്‍ ഉള്‍പ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളിലാണ് ജാമ്യം. അഞ്ചു ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണമെന്ന് ഉപാധി വെച്ചെങ്കിലും പ്രതിക്ക് പാസ്പോര്‍ട്ട് ഇല്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
രണ്ടു കേസുകളിലാണ് പ്രതിക്ക് ഇപ്പോള്‍ കോടതി ജാമ്യം നല്‍കിയത്. 2012 ജൂണ്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പലതവണ ക്ലാസ് മുറിയില്‍ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നതാണ് ഒരു കേസ്. ഈ കേസില്‍ 2022 മെയ് 13ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി മഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞു വരികയാണ്. 2013 ജൂണ്‍ മുതല്‍ 2014 മാര്‍ച്ച് 31 വരെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ മെയ് 24ന് പ്രതിയെ ജയിലില്‍ വെച്ച് പൊലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. 38 വര്‍ഷം അദ്ധ്യാപകനായിരുന്ന പ്രതിക്കെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തുമെന്ന് സൂചനയുണ്ട്.

Sharing is caring!