മലപ്പുറത്തെ മുഹമ്മദിനെ ഇതുവരെ മണ്ണ് ചതിച്ചിട്ടില്ല

മലപ്പുറത്തെ മുഹമ്മദിനെ ഇതുവരെ മണ്ണ് ചതിച്ചിട്ടില്ല

മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ വലിയ പീടിയേക്കല്‍ മുഹമ്മദ് കൃഷി തുടങ്ങിയിട്ടു 40 വര്‍ഷത്തിലേറെയായി. ഇതുവരെ മണ്ണ് ചതിച്ചിട്ടില്ല. അധ്വാനത്തിന്റെ പതിന്മടങ്ങ് വിളയായി തിരിച്ചു നല്‍കി. കൃഷിയുമായി ബന്ധപ്പെട്ട അധികാരികള്‍ പക്ഷേ, അങ്ങനെയല്ലെന്നു മുഹമ്മദിനു മനസ്സിലായി. നെല്‍ക്കൃഷി കത്തിനശിച്ചതിന് നഷ്ടപരിഹാരം തേടി 5 വര്‍ഷമായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ് ഈ എഴുപത്തിരണ്ടുകാരന്‍.

പല ന്യായങ്ങള്‍ പറഞ്ഞു അപേക്ഷ നിരസിക്കുകയാണു അധികൃതര്‍. ഇനി എവിടെയാണു അപേക്ഷ നല്‍കേണ്ടത്?, ആരെയാണു കാണേണ്ടത്?. മണ്ണിനെ അധ്വാനം കൊണ്ടു മെരുക്കിയ കര്‍ഷകന്റെ വാക്കുകളില്‍ നിസ്സഹായത.മറ്റത്തൂര്‍ പാടശേഖരത്തില്‍ 4 പതിറ്റാണ്ടിലേറെയായി പാട്ടത്തിനെടുത്ത് നെല്‍ക്കൃഷി നടത്തുകയാണു മുഹമ്മദ്. വിള ഇന്‍ഷുറന്‍സ് പ്രീമിയം എല്ലാ വര്‍ഷവും അടയ്ക്കാറുണ്ട്. 2017ല്‍ 18 ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷി.

ഇതു കൊയ്‌തെടുക്കുന്ന ദിവസമാണു തീപിടിത്തമുണ്ടായത്. 9 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണു കണക്ക്. മലപ്പുറത്തു നിന്നു അഗ്‌നിരക്ഷാ സേനയെത്തിയാണു തീയണച്ചത്.പിറ്റേ ദിവസം മുതല്‍ തുടങ്ങിയതാണു നഷ്ടപരിഹാരം തേടിയുള്ള ഓട്ടം. ഒതുക്കുങ്ങല്‍ കൃഷി ഓഫിസ്, മലപ്പുറം ജില്ലാ കൃഷി ഓഫിസ്, തിരുവനന്തപുരത്തെ അഗ്രികള്‍ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍ എന്നിവരെയെല്ലാം സമീപിച്ചു. ചോദിച്ച രേഖകളെല്ലാം ഹാജരാക്കി. എന്നിട്ടും നഷ്ടപരിഹാരം മാത്രം ലഭിച്ചില്ല. ഇനിയെന്താണു ചെയ്യേണ്ടതെന്ന മുഹമ്മദിന്റെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് അധികാരികളാണ്.</ു>

 

Sharing is caring!