മൈലപ്പുറം അമാന പെട്രോള്‍ പമ്പില്‍ നിന്നും അടിച്ച ഡീസലില്‍ ജലാംശം. 3.77.391രൂപ പലിശ സഹിതം നല്‍കാന്‍ ഉത്തരവ്

മൈലപ്പുറം അമാന പെട്രോള്‍ പമ്പില്‍ നിന്നും അടിച്ച ഡീസലില്‍ ജലാംശം. 3.77.391രൂപ പലിശ സഹിതം നല്‍കാന്‍ ഉത്തരവ്

മലപ്പുറം: മലപ്പുറം മൈലപ്പുറം തിരൂര്‍ റോഡിലുള്ള അമാന പെട്രോള്‍ പമ്പില്‍ നിന്നും അടിച്ച ഡീസലില്‍ ജലാംശം കലര്‍ന്നിരുന്നതിനാല്‍ വാഹനത്തിന് ഗുരുതരമായ കേടുപാട് സംഭവിച്ചുവെന്ന പരാതിയില്‍ വാഹനം നന്നാക്കുന്നതിനുള്ള ചിലവും നഷ്ടപരിഹാരവും അടക്കം 3.77.391രൂപ പലിശ സഹിതം നല്‍കാന്‍ ജില്ലാ ഉപഭോക്ത്യ കമ്മീഷന്‍ ഉത്തരവിട്ടു. മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

2018 ഏപ്രില്‍ 10നാണു സംഭവം നടന്നത്. കുമരകത്തുള്ള ജോലി സ്ഥലത്തേക്ക് പോകുന്നതിനായി രാത്രി തന്നെ 4500 രൂപയുടെ ഡീസല്‍ കാറില്‍ നിറച്ചിരുന്നുവെന്നും അതിരാവിലെ കുറച്ച് ദൂരം മാത്രം സഞ്ചരിച്ചപ്പോഴേക്കും തന്റെ കാര്‍ പ്രവര്‍ത്തന രഹിതമായെന്നും തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍ പരിശോധിച്ചപ്പോള്‍ ഡീസലില്‍ വെള്ളം കലര്‍ന്നതാണ് വാഹനത്തിന് കേടുപാട് പറ്റാന്‍ കാരണമെന്ന് കണ്ടെത്തിയെന്നും പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ചു. പമ്പുടമയെ കാര്യം ധരിപ്പിച്ചെങ്കിലും പരാതിക്ക് പരിഹാരം കാണാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ജലാംശവും മാലിന്യവും ഡീസലില്‍ കലര്‍ന്നിരുന്നതായി ലബോറട്ടറി പരിശോധനയിലൂടെ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന് അനുകൂലമായി കമ്മീഷന്‍ വിധി പറയുകയായിരുന്നു.

വാഹനം നന്നാക്കുന്നതിന് വന്ന ചെലവ് 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസല്‍ അടിച്ച 4500 രൂപയും അടക്കം
3.77.391രൂപ പലിശ സഹിതം നല്‍കുന്നതിനാണ് കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ വിധിച്ചത്. ഒരു മാസത്തിനകം വിധി സംഖ്യ നല്‍കാത്ത പക്ഷം വിധി സംഖ്യയിമേല്‍ 12 ശതമാനം പലിശയ്്ക്കും പരാതിക്കാരന് അര്‍ഹതയുണ്ടാകുമെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറം മൈലപ്പുറം തിരൂര്‍ റോഡിലുള്ള അമാന പെട്രോള്‍ പമ്പ് ഉടസ്തനോടും ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയോടുമാണ് ഉത്തരവ്. പരാതിക്കാരനുവേണ്ടി അഡ്വ. എ.കെ.ഷിബുവാണ് ഹാജരായത്. നഷ്ടപരിഹാരംഒരുമാസത്തിനകം നല്‍കാനാണു ഉത്തരവെന്നും ഇക്കാര്യത്തില്‍
അമാന പെട്രോള്‍ പമ്പ് ഉടസ്തനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും
പരാതിക്കാരന്റെ അഭിഭാഷകനായ അഡ്വ. എ.കെ.ഷിബു പറഞ്ഞു.

പ്രശ്നം രമ്യമായി പരിഹരിക്കാനായി ആദ്യം തന്നെ പെട്രോള്‍ പമ്പ് അധികൃതരോട് സംസാരിച്ചെങ്കിലും ഇവര്‍ ആദ്യം വേണ്ടത് ചെയ്യാമെന്ന രീതിയില്‍ സംസാരിക്കുകയും പിന്നീട് ധിക്കാരപരമായി ഇടപെടുകയും അവഗണിക്കുകയും ചെയ്തതോടെയാണ് വിജേഷ് കൊളത്തായി നിയമപോരാട്ടത്തിനിറങ്ങിയത്. ഇത്തരത്തില്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും വിജേഷ് കൊളത്തായി പറഞ്ഞു.

 

 

Sharing is caring!