വര്‍ഗീയത വളര്‍ത്തുന്ന കാലത്ത് പ്രതിരോധമായി ‘ഒറ്റച്ചോര’; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മഅ്ദിന്‍ വിദ്യാര്‍ത്ഥിയുടെ കവിത

വര്‍ഗീയത വളര്‍ത്തുന്ന കാലത്ത് പ്രതിരോധമായി ‘ഒറ്റച്ചോര’; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മഅ്ദിന്‍ വിദ്യാര്‍ത്ഥിയുടെ കവിത

മലപ്പുറം :വര്‍ഗീയതയുടെ പേരില്‍ പരസ്പരം കൊല്ലുകയും കൊലവിളി നടത്തുകയും ചെയ്യുന്ന പുതിയ കാലത്ത് കവിത കൊണ്ട് പ്രതിരോധ വലയം തീര്‍ത്തിരിക്കുകയാണ് മഅ്ദിന്‍ അക്കാദമി ബിരുദ വിദ്യാര്‍ത്ഥിയും യുവ കവിയുമായ ശുഐബ് അദനി അലനല്ലൂര്‍.

ഇന്ന് വര്‍ധിച്ചു വരുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ എങ്ങനെ സര്‍ഗാത്മകമായി ചെറുക്കാം എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് അതിമനോഹരമായ ഈ കവിത. ‘ഒറ്റച്ചോര’ എന്ന ശീര്‍ഷകത്തില്‍ കവിത ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കേരള സമൂഹത്തില്‍ ആഴത്തില്‍ നിലനിന്നിരുന്ന മത സൗഹാര്‍ദ്ദ കാഴ്ച്ചകളെ ആശയങ്ങള്‍ ഒട്ടും ചോരാതെ സരളമായ ഭാഷയില്‍ കോറിയിടുയാണ് കവി.

മൊല്ലാക്കയും ഭാര്യ നബീസുവും അയല്‍ക്കാരായ വേലു ഏട്ടനും ഭാര്യ നാരായണിയുമാണ് കവിതയിലെ കഥാപാത്രങ്ങള്‍.

”നാരായണീടെ രണ്ടാമത്തെ പേറിനും
വേലുവേട്ടന്‍ ഷാപ്പിലായിരുന്നു.
മാമൂല് തെറ്റാണ്ട്
മുന്നൂറ്റിപ്പതിമൂന്ന് വകയും പിടിച്ച്
നബീസു തലയ്ക്കല്‍തന്നെ കൂടി.
‘നമ്മളെത്ര പേറ് കണ്ടതാ ‘..ന്ന്
‘ന്റുമ്മാക്ക് പതിനേഴണ്ണാ കയിഞ്ഞേ’..ന്ന്.”

മൊല്ലാക്കയും വേലുവും നല്ല അയല്‍ക്കാരും അതിലുപരി നല്ല ചെങ്ങാതിമാരുമാണ്. വേലു നന്നായി മദ്യപിക്കും. നാരായണിക്ക് പ്രസവ വേദനയെടുത്തപ്പോള്‍ പോലും ആള് ഷാപ്പിലായിരുന്നു. സഹായത്തിനായും പേറെടുക്കാനും മൊല്ലാക്കയുടെ ഭാര്യ നബീസുവാണ് നാരായണിക്ക് കൂട്ടിരുന്നത്. ഒരുപാട് പേറെടുത്തിട്ടുള്ള നബീസു അതിന്റെ ഗര്‍വ്വ് പറയുന്നുണ്ട്. ഒപ്പം പണ്ട് കാലങ്ങളില്‍ പതിനാറും പതിനേഴുമൊക്കെയാണ് പെറ്റിരുന്നതെന്ന് പറഞ്ഞ് നാരായണിയെ സമാധാനിപ്പിക്കുകയും ചെയ്യുന്നു. നാരായണിയുടെ വസ്ത്രങ്ങള്‍ അലക്കി ഉണക്കി അതുമായി കുന്നിന്‍ മുകളിലെ നാരായണിയുടെ വീട്ടില്‍ വരുമ്പോള്‍ അവര്‍ പലപ്പോഴും ആനന്ദാശ്രു പൊഴിക്കുന്നു.

”വെളുപ്പിന് ഇറങ്ങിപ്പോയൊരു
അച്ചാറു മണം
ആടിയാടി കൂരയണയുമ്പോള്‍
ഖുര്‍ആന്‍ സൂക്തങ്ങളോതി
മണ്ടേലുഴിയാന്‍
മൊല്ലാക്ക ഉമ്മറത്തിരിക്കും. ‘അങ്ങനെയൊന്നും ഇക്കുടി നിക്കൂലപ്പാ’..
‘മൊല്ലാക്ക ഉണ്ടിട്ട് പോയാ മതി’..
അന്നേരം,
ബാക്കിയില്ലാത്ത ബോധത്തില്‍
ഒരു തുള്ളി സ്‌നേഹത്തിന്റെ
വീഞ്ഞു മണക്കും.”

വേലു അതിരാവിലെ ഷാപ്പിലേക്കിറങ്ങിയാല്‍ രാത്രിയിലേ തിരിച്ചു വരൂ. വേലു എത്തിയിട്ടു വേണം നബീസുവിന് വീട്ടില്‍ പോകാന്‍. നബീസുവിനെ കൂട്ടാന്‍ മൊല്ലാക്ക വേലുവിന്റെ വീട്ടിലെത്തിയിരിക്കും. അപ്പോള്‍ കുടി നിര്‍ത്തിക്കിട്ടാന്‍ മൊല്ലാക്ക ഖുര്‍ആനോതി വേലുവിന്റെ തലയില്‍ മന്ത്രിക്കുന്നു. മൊല്ലാക്കയും നബീസുവും പോകാനിറങ്ങുമ്പോള്‍ വേലു തന്നെ സ്‌നേഹത്തോടെ പറയുന്നു  ‘മൊല്ലാക്ക ഉണ്ടിട്ട് പോയാ മതി.’

അങ്ങനെയിരിക്കെ ഒരിക്കല്‍ വേലു കുടിച്ച് ബോധമില്ലാതെ വഴിയരികിലെ ഓടയിലേക്ക് വീഴുന്നു. നാരായണിയറിയും മുമ്പ് തന്നെ മൊല്ലാക്കയാണ് വാര്‍ത്തയറിഞ്ഞതും ആശുപത്രിയിലെത്തിച്ചതും. രക്തം ഏറെ നഷ്ടപ്പെട്ട വേലുവിന് മൊല്ലാക്കയാണ് രക്തം നല്‍കിയത്. ആ സ്‌നേഹ സ്പര്‍ശം വേലുവിന്റെ മനസ്സിനെ വല്ലാതെ ഉലക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം. വരുന്ന വഴിക്കെല്ലാം ആനന്ദക്കണ്ണീര്‍ പൊഴിച്ചു കൊണ്ട് വേലു എല്ലാവരോടും വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ഒറ്റച്ചോരയാ.. ഞങ്ങള്‍ ഒറ്റച്ചോര !..

”കൈവിറച്ച്
തൊണ്ട വരളുമ്പോള്‍
ഷാപ്പിലേക്ക് കാണാത്തതിന്റെ
പരിഭവം പറയുമ്പോള്‍
വേലു അങ്ങനെ പറഞ്ഞോണ്ടിരിക്കും..
‘മൊല്ലാക്കാന്റെ ചോര
കള്ള് തട്ടിക്കൂടാ’..”

അതില്‍ പിന്നെ വേലു ഷാപ്പിലേക്ക് പോയില്ല. കള്ള് കിട്ടാതെ കൈ കാലുകള്‍ വിറയുമ്പോഴും കൂട്ടുകാര്‍ ഷാപ്പിലേക്ക് വിളിക്കുമ്പോഴൊക്കെ വേലു അവരോട് പറയുന്നു മൊല്ലാക്കാന്റെ ചോരയാണിപ്പോ എന്റെ ശരീരത്തില്‍ അത് കള്ള് സ്പര്‍ശിക്കാന്‍ പാടില്ല.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌നേഹ നിമിഷങ്ങളെ വിസ്മൃതിയിലേക്ക് തള്ളി വിടാതെ സജീവമാക്കി നിര്‍ത്തുന്ന കവിയുടെ വരികള്‍ എക്കാലത്തും ഏറെ പ്രസക്തമാണ്. മതങ്ങള്‍ അപരദ്വേഷമല്ല പഠിപ്പിക്കുന്നത് പ്രത്യുത പരസ്പര സ്‌നേഹവും ബഹുമാനവുമാണ് എന്ന് കൂടി ഈ കവിത പറഞ്ഞു വെക്കുന്നു.

കാലിക്കറ്റ്  യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി എ അറബിക് ബിരുദം പൂര്‍ത്തിയാക്കിയ ശുഐബ് നിലവില്‍ മഅദിന്‍ അക്കാദമിയിലെ ബിരുദ പഠനത്തോടൊപ്പം പെരിന്തല്‍മണ്ണ അലിഗഢ് ഓഫ് ക്യാമ്പസില്‍ സ്പാനിഷ് ഡിപ്ലോമ ചെയ്ത് വരികയാണ്. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകള്‍, കഥകള്‍, ലേഖനങ്ങള്‍ എഴുതാറുണ്ട്. ഇംഗ്ലീഷ് , അറബി, സ്പാനിഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന ശുഐബ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്തുള്ള  അലനല്ലൂര്‍ സ്വദേശിയും ഓങ്ങല്ലൂര്‍ വീട്ടില്‍ ഉമ്മര്‍, ഇയ്യാത്തു ദമ്പതികളുടെ എട്ടാമത്തെ മകനുമാണ്.

Sharing is caring!