1.65കോടി കുഴല്‍പണവുമായി രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍

1.65കോടി കുഴല്‍പണവുമായി രണ്ടുപേര്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: 1.65കോടി കുഴല്‍പണവുമായി രണ്ടുപേര്‍ മലപ്പുറം വളാഞ്ചേരിയില്‍ പിടിയില്‍. വാഹന പരിശോധനക്കിടെ കാറിന്റെ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത ഒരു കോടി അറുപത്തിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ് (1,64,98500 ) രൂപയുമായാണ് രണ്ട് പേരെ വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവേലി അന്‍സാര്‍ (36) വല്ലപ്പുഴ സ്വദേശി തൊടിയില്‍ ഫൈസല്‍ (33) എന്നിവരാണ് പിടിയിലായത്.മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത്ദാസ് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് കുളമംഗലത്തുവെച്ച് ഇവര്‍ പിടിയിലാകുന്നത് .
കാറിന്റെ സ്റ്റീരിയോ എടുത്ത് മാറ്റി രഹസ്യ അറ നിര്‍മ്മിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. പുറമെ നിന്ന് നോക്കിയാല്‍ സ്റ്റീരിയോ ഘടിപ്പിച്ചതായാണ് തോന്നുക. സംശയം തോന്നി പൊലീസ് ഇളക്കി നോക്കുകയായിരുന്നു. അകത്തേക്ക് വലിയ അറയാണ് നിര്‍മ്മിച്ചിരുന്നത്. കുഴല്‍പ്പണ കടത്തുകാര്‍ക്കായി പ്രത്യേക രഹസ്യ അറ നിര്‍മ്മിച്ചു നല്‍കുന്ന സംഘങ്ങളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. 500രൂപയുടെ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്.

ഒന്നര മാസത്തിനുള്ളില്‍ പത്തു കോടിയോളം രൂപയുടെ കുഴല്‍ പ്പണമാണ് വളാഞ്ചേരിയില്‍ മാത്രം പിടികൂടിയത്. സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷ്,എസ്. ഐമാരായ നൗഷാദ്,ഷമീല്‍,സി.പി.ഒ മാരായ വിനീത്, ക്ലിന്റ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ഉണ്ടായിരുന്നത് .

 

 

Sharing is caring!