അബ്ദുല്‍ ലത്തീഫ് ലീഗാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു: പി.എം.എ സലാം

അബ്ദുല്‍ ലത്തീഫ് ലീഗാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു: പി.എം.എ സലാം

 

മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ് മുസ്ലിം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. പരാജയം മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമാണെന്നും സലാം പറഞ്ഞു. ലത്തീഫിന് ലീഗിന്റെ പ്രാഥമികാംഗത്വം പോലുമില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗിനെ പ്രതിയുമായി ബന്ധപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. ലത്തീഫിന് ലീഗുമായി യാതൊരു ബന്ധമില്ലെന്നും പ്രാദേശിക നേതൃത്വം പറയുന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും പറഞ്ഞു.
തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ ഇറക്കിയ സംഭവത്തില്‍ പിടിയിലായ അബ്ദുള്‍ ലത്തീഫ് സജീവ മുസ്ലീം ലീഗ് പ്രവര്‍ത്തകനാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് പറഞ്ഞു. ലത്തീഫ് നേരത്തെ നീലചിത്ര നിര്‍മ്മാണ കേസില്‍ പിടിയിലായിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതി വീഡിയോ അപ്ലോഡ് ചെയ്തത്. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം പിന്നീട് ലീഗിന്റെ സജീവ സൈബര്‍ പോരാളിയായി മാറി. പ്രതിയുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യാര്‍ത്ഥിച്ചു കൊണ്ടാണ്. ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കോട്ടയ്ക്കല്‍ മണ്ഡലം എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളുടേതും. ഇതില്‍ നിന്നെല്ലാം പ്രതി ലീഗിന്റെ സജീവ സൈബര്‍ പ്രവര്‍ത്തകനാണെന്നത് വ്യക്തമാണ്. സൈബര്‍ ഗുണ്ട എന്ന ലേബലില്‍ ഇയാള്‍ പ്രദേശിക തിരഞ്ഞെടുപ്പുകളിലും ഇത്തരം വീഡിയോകള്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും ഇ.എന്‍.മോഹന്‍ദാസ് പറഞ്ഞു.

 

അബ്ദുല്‍ ലത്തീഫ് ലീഗുകാരന്‍ ഇയാളെ
നേരിട്ടറിയാമെന്നും ഇ.എന്‍ മോഹന്‍ദാസ്

മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ് നേരത്ത് കോണ്‍ഗ്രസുകാരനായിരുന്നു എന്നും ഇപ്പോള്‍ സജീവ ലീഗ് പ്രവര്‍ത്തകനാണെന്നും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഇയാളെ നേരിട്ടറിയാമെന്നും മോഹന്‍ദാസ് പറഞ്ഞു.

യു.ഡി.എഫിനു വേണ്ടി സൈബര്‍ പോരാട്ടം നടത്തുന്നയാളാണ്. എന്ത് വൃത്തികേടും ചെയ്യാന്‍ മടിയില്ലാത്തയാള്‍. പൂര്‍വ ചരിത്രം വ്യകതിഹത്യകള്‍ നിറഞ്ഞത്. നീലച്ചിത്രം നിര്‍മിച്ചതില്‍ കേസുണ്ട്. ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അറസ്റ്റിലായ വ്യക്തി ലീഗ് പ്രവര്‍ത്തകന്‍ അല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ഇത് അഞ്ചുമണി വരെ ആയുസുള്ള പച്ചക്കള്ളമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സി.പി.എം അണിയറയില്‍ തയ്യാറാക്കിയ തിരക്കഥയാണ് ഈ അറസ്റ്റ്. പൊലീസിനെ ദുരുപയോഗപ്പെടുത്തി കള്ള കഥയുണ്ടാക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന് പരാജയ ഭീതിയാണ്’. സി.പി.എം കളിക്കുന്നത് മരണക്കളിയാണെന്നും പി.എം.എ സലാം വ്യക്തമാക്കി. അറസ്റ്റിലായ കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനാണെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Sharing is caring!