നാസറിന്റെ ‘മിനി’ ഇനിയില്ല

നാസറിന്റെ ‘മിനി’ ഇനിയില്ല

മലപ്പുറം: തൃക്കളയൂര്‍ പ്രദേശവാസികളുടെ പ്രിയപ്പെട്ട മിനി എന്ന പിടിയാന ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ തൃക്കളയൂര്‍ ക്ഷേത്രത്തിന് സമീപത്തായി ആനയെ തളച്ചിടുന്ന സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. കുനിയില്‍ സ്വദേശി കൊളക്കാടന്‍ നാസര്‍ ആണ് 48 വയസുള്ള മിനിയുടെ ഉടമ. കഴിഞ്ഞ 30 വര്‍ഷമായി നാസറും പാപ്പാനും ആണ് മിനിയെ പരിപാലിച്ചു വന്നിരുന്നത്.

തൃക്കളയൂര്‍ പ്രദേശവാസികള്‍ക്കും നാസറിനും മിനിയുമായുള്ള ആത്മബന്ധം മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. യാതൊരു രോഗങ്ങളും മിനിയ്ക്കില്ലായിരുന്നുവെന്ന് കൊളക്കാടന്‍ നാസര്‍ പറഞ്ഞു. ഭക്ഷണം വാരി നല്‍കിയ ശേഷമാണ് മിനിയുടെ അടുക്കല്‍ നിന്നും മടങ്ങിയത്. പുലര്‍ച്ചെ പാപ്പാനാണ് ആന ചരിഞ്ഞ വിവരം അറിയിച്ചത്. തന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു മിനിയെ വളര്‍ത്തിയതെന്നും ഇങ്ങനെ ഒരു വിയോഗം പ്രതീക്ഷിച്ചില്ലെന്നും ഇടറിയ ശബ്ദത്തോടെ നാസര്‍ കൂട്ടിച്ചേര്‍ത്തു. മിനിയുടെ വിയോഗം അറിഞ്ഞതോടെ കൊളക്കാടന്‍ കുടുംബാംഗങ്ങളും തൃക്കളയൂര്‍ പ്രദേശവാസികളും വലിയ സങ്കടത്തിലാണ്.

നിലമ്പൂരില്‍ നിന്ന് എത്തിയ സോഷ്യല്‍ ഫോറസ്റ്റ് റേഞ്ചര്‍ എ കെ രാജീവന്റെ നേതൃത്വത്തില്‍ ജഡത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫോറസ്റ്റ് വെറ്ററിനറി സര്‍ജറി അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം
നടത്തും. തൃക്കളയൂര്‍ ക്ഷേത്ര പരിസരത്തു ജഡം പൊതുദര്‍ശനത്തിന് വെച്ചു. ആനപ്രേമികളും സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് മിനിയെ അവസാനമായി കാണാന്‍ ക്ഷേത്ര പരിസരത്ത് എത്തിയത്. വനം വകുപ്പിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.

Sharing is caring!