സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമങ്ങള്‍ ജൂണ്‍ രണ്ടു മുതല്‍ 23വരെ

സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമങ്ങള്‍ ജൂണ്‍ രണ്ടു മുതല്‍ 23വരെ

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമങ്ങള്‍ ജൂണ്‍ 2 മുതല്‍ 23 വരെ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ഒരോ ജില്ലകളിലും സുഹൃദ് സംഗമങ്ങളും പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കും. രണ്ടു സെക്ഷനുകളിലായി പരിപാടി അരങ്ങേറും. രാവിലെ 10 മണിക്ക് സുഹൃദ് സംഗമങ്ങള്‍ സംഘടിപ്പിക്കും. സുഹൃദ് സംഗമങ്ങളില്‍ മത, സാംസ്‌കാരിക, സാമൂഹിക, കലാ രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തും. കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ഉച്ചക്ക് ശേഷം ജില്ലകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. ജില്ലയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ സംഗമിക്കുന്ന കണ്‍വെന്‍ഷനുകളില്‍ നാടിന്റെ ഐക്യവും സമാധാനവും സംരക്ഷിക്കുന്നതിനാവശ്യമായ പ്രഭാഷണങ്ങളുണ്ടാകും. മുസ്്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ജൂണ്‍ 2ന് വ്യാഴാഴ്ച കാസര്‍കോട് നിന്ന് സംഗമങ്ങള്‍ക്ക് തുടക്കമാകും. ജൂണ്‍ 3ന് കണ്ണൂര്‍, 8ന് തൃശൂര്‍, 9- ഇടുക്കി, 11-എറണാകുളം, 12-കോട്ടയം, 13-ആലപ്പുഴ, 15-പാലക്കാട്, 16-പത്തനംതിട്ട, 18-കൊല്ലം, 19-തിരുവനന്തപുരം, 20-മലപ്പുറം, 22-വയനാട് എന്നിവിടങ്ങളില്‍ സംഗമിച്ച് 23ന് കോഴിക്കോട്ട് സമാപിക്കും. മുഴുവന്‍ പ്രവര്‍ത്തകരെയും അണിനിരത്തി നടത്തപ്പെടുന്ന ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പാര്‍ട്ടിയുടെ ചരിത്രത്തെ നാഴികക്കല്ലായി മാറുമെന്നും പി.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

 

Sharing is caring!