പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒളിവില്‍ കഴിഞ്ഞത് ഒരു വീട്ടിലെ ശുചിമുറിയില്‍

പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒളിവില്‍ കഴിഞ്ഞത് ഒരു വീട്ടിലെ ശുചിമുറിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഒളിവില്‍ കഴിഞ്ഞത് ഒരു വീട്ടിലെ ശുചിമുറിയില്‍. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രവാസിയെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആക്കപ്പറമ്പ് സ്വദേശി യഹിയ പൊലീസ് കസ്റ്റഡിയില്‍. കീഴാറ്റൂര്‍ പൂന്താനം ഭാഗത്തുനിന്ന് ഇന്നലെ വൈകിട്ടോടെയാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ രാജ്യംവിട്ട് പോകുന്നത് തടയാന്‍ പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. മൂന്നു ദിവസം പാണ്ടിക്കാട് വളരാട് ചൂരക്കാവിലെ ഒരു വീടിന്റെ ശുചിമുറിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യഹിയ ശനി രാത്രി പൊലീസ് എത്തുന്നതിനു തൊട്ടുമുന്‍പ് അവിടെനിന്നും മുങ്ങി. യഹിയയ്ക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും നല്‍കിയ ബന്ധുവിനെയും ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തിനെയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. അതേസമയം, കേസില്‍ ആദ്യം അറസ്റ്റിലായ അഞ്ചുപ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് പെരിന്തല്‍മണ്ണ കോടതിയില്‍ അപേക്ഷ നല്‍കി.
മര്‍ദനമേറ്റ അഗളി സ്വദേശി വാക്യത്തൊടി അബ്ദുല്‍ ജലീല്‍(42) കഴിഞ്ഞ 20ന് പുലര്‍ച്ചെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
മേയ് 15ന് രാവിലെ 9.45ന് ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജലീലിനെ വ്യാഴാഴ്ച രാവിലെ ഏഴിനാണ് ഒരാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന ജലീലിന്റെ ദേഹമാസകലം മുറിവുകളും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മേലാറ്റൂര്‍ ആക്കപ്പറമ്പിലെ വഴിയരികില്‍ പരിക്കേറ്റ് കിടക്കുകയായിരുന്നു ജലീലെന്നാണ് എത്തിച്ചയാള്‍ പറഞ്ഞത്. പിന്നീട് ഇയാള്‍ മുങ്ങി. മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് സ്വിഫ്റ്റ് കാറില്‍ ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് അന്വേഷണത്തിനിടെ സി.സി ടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് വ്യക്തമായി. ഒളിവില്‍ പോയ യഹിയയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചിരുന്നത്.
നാട്ടിലെത്തുന്ന തന്നെ കൂട്ടിക്കൊണ്ടുപോവാന്‍ വീട്ടുകാരോട് പെരിന്തല്‍മണ്ണയിലെത്തണമെന്നും അതുവരെ സുഹൃത്തുക്കള്‍ക്കൊപ്പം വരാമെന്നും ജലീല്‍ വീട്ടിലേക്ക് ഇന്റര്‍നെറ്റ് കോളിലൂടെ അറിയിച്ചിരുന്നതായി ബന്ധുവായ അലി അക്ബര്‍ പറഞ്ഞു. ഭാര്യയും മാതാവും മണ്ണാര്‍ക്കാടെത്തിയപ്പോള്‍ ജലീല്‍ ഭാര്യയെ വിളിച്ച് പെരിന്തല്‍മണ്ണയിലെത്താന്‍ വൈകുമെന്നും തിരിച്ചുപോവണമെന്നും നിര്‍ദ്ദേശിച്ചു. 16ന് ഉച്ചയായിട്ടും ജലീല്‍ വീട്ടിലെത്താതായതോടെ വീട്ടുകാര്‍ അഗളി പൊലീസില്‍ പരാതി നല്‍കി. രാത്രി ജലീല്‍ ഭാര്യയെ വിളിച്ച് 17ന് വീട്ടിലെത്തുമെന്നറിയിച്ചു. പൊലീസില്‍ പരാതിപ്പെട്ടത് അറിയിച്ചപ്പോള്‍ പിന്‍വലിക്കാനാവശ്യപ്പെട്ടു. 17നും ജലീല്‍ വീട്ടിലെത്തിയില്ല. 18ന് ജലീല്‍ ആശുപത്രിയിലാണെന്നറിയിച്ച് ഭാര്യയുടെ മൊബൈലിലേക്ക് അറിയാത്ത ഫോണ്‍നമ്പറില്‍ നിന്നും കോള്‍ വന്നു.
പത്തുവര്‍ഷമായി ജിദ്ദയില്‍ ഹൗസ് ഡ്രൈവറായിരുന്നു ജലീല്‍. രണ്ടുവര്‍ഷം കൂടുമ്പോള്‍ നാട്ടിലെത്താറുണ്ടായിരുന്നു.
ജലീലിനെ ആശുപത്രിയിലെത്തിച്ച ശേഷം അജ്ഞാതന്‍ വീട്ടിലേക്ക് വിളിച്ച നമ്പറും ജലീല്‍ വിമാനത്താവളത്തില്‍ നിന്ന് ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിരുന്ന നമ്പറും ഒന്നായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. യഹിയ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസുകളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിക്കുകയാണെന്നും അന്വേഷണച്ചുമതലയുള്ള പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സന്തോഷ് കുമാര്‍ പറഞ്ഞു.

Sharing is caring!