മലപ്പുറത്തുകാര്‍ക്ക് ഗള്‍ഫില്‍ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ട്രാവല്‍സ് ഉടമ പിടിയില്‍

മലപ്പുറത്തുകാര്‍ക്ക് ഗള്‍ഫില്‍ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ട്രാവല്‍സ് ഉടമ പിടിയില്‍

മലപ്പുറം: ഗള്‍ഫില്‍ജോലി വാഗ്ദാനംചെയ്ത 14പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ട്രാവല്‍സ് ഉടമ മലപ്പുറത്ത് പിടിയില്‍. മലപ്പുറം കല്‍പകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവല്‍സ് ഉടമ ഒഴൂര്‍ ഓമച്ചപ്പുഴ കാമ്പത്ത് നിസാറി(34) നെയാണ് കല്‍പകഞ്ചേരി ഇന്‍സ്പെക്ടര്‍ പി കെ ദാസും സംഘവും അറസ്റ്റ് ചെയ്തത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍നിന്ന് പ്രതി പണം തട്ടിയതായി പോലീസ് പറഞ്ഞു. നിലവില്‍ കല്‍പകഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ 14പേരാണ് പരാതി നല്‍കിയിട്ടുളളതഇനിയും കൂടുതല്‍ പരാതിക്കാന്‍ രംഗത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പണം നല്‍കിയിട്ടും ജോലി നല്‍കാതെ തട്ടിപ്പുനടക്കുന്നതായി സംശയിച്ച് പണം നല്‍കിയവര്‍ രംഗത്തുവരാന്‍ തുടങ്ങിയതോടെ
മാസങ്ങള്‍ക്ക് മുമ്പ് ട്രാവല്‍സ് അടച്ചുപൂട്ടി പ്രതി വിദേശത്തേക്ക് കടന്നിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച്ച മുമ്പ് നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ ഒളിവില്‍ താമസിക്കുന്നതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

തിരൂര്‍ മംഗലം സ്വദേശി വാല്‍പറമ്പില്‍ ദിനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഷാര്‍ജയിലെ ഫുഡ് പാര്‍ക്കില്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 50,000 രൂപയാണ് ഇയാളില്‍ നിന്ന് നിസാര്‍ വാങ്ങിയത്.
ഇത്തരത്തില്‍ മറ്റ് 14 പരാതികളാണ് കല്‍പകഞ്ചേരി സ്റ്റേഷനില്‍ ലഭിച്ചത്. ഇവരില്‍ നിന്ന് നിസാര്‍ 6,10,000 രൂപയാണ് തട്ടിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നല്ല പിടിപാടുണ്ടെന്നും അതുവഴി നല്ല ശമ്പളമുള്ള ജോലി ശരിയാക്കി തരാമെന്നും വിശ്വസിപ്പിച്ചാണ് നിസാര്‍ ആളുകളെ വലയില്‍ വീഴ്ത്തുന്നത്. സുഹൃത്തുക്കള്‍ വഴിയും പരിചയക്കാര്‍ വഴിയുമൊക്കെയായിരുന്നു ഇയാള്‍ ആളുകളെ കണ്ടെത്തിയിരുന്നത്. വാട്സാപ്പ് വഴിയും ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നു.ഇപ്പോഴും നിരവധി പരാതികളാണ് നിസാറിനെതിരെ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കല്‍പകഞ്ചേരി ഇന്‍സ്പെക്ടര്‍ പി കെ ദാസ് പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ക്ക് പുറമെ സി പി ഒ മാരായ എ പി ശൈലേഷ്, ജി ഷിബുരാജ് എന്നിവരും ഉണ്ടായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Sharing is caring!