സ്‌കൂൾ തുറക്കും മുമ്പ് വാഹനങ്ങൾ ഫിറ്റാകും ഫിറ്റ്നസ് പരിശോധനക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്

സ്‌കൂൾ തുറക്കും മുമ്പ് വാഹനങ്ങൾ ഫിറ്റാകും  ഫിറ്റ്നസ് പരിശോധനക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്

സ്‌കൂളുകൾ തുറക്കുന്നതിന് മുമ്പ് സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന നടത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. പൊന്നാനി താലൂക്കിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധനയും സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ബോധവത്കരണ സംഘടിപ്പിക്കുന്നതിനുമായി വിപുലമായ കർമ്മ പദ്ധതി തയ്യാറാക്കിയതായി പൊന്നാനി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ശങ്കരപ്പിള്ള അറിയിച്ചു.
തവനൂർ, കാലടി, വട്ടംകുളം, എടപ്പാൾ വില്ലേജുകളിലെ സ്കൂൾ വാഹനനങ്ങളുടെ പരിശോധന കടകശ്ശേരി ഐഡിയൽ സ്കൂൾ അങ്കണത്തിൽ മെയ് 25 നും പൊന്നാനി നഗരം, ഇഴവതിരുത്തി, ആലംകോട്, നന്നമുക്ക് പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി വില്ലേജുകളിലെ സ്കൂൾ വാഹനങ്ങളുടെ പരിശോധന പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെയ് 28 നും നടക്കും. പരിശോധനയിൽ തൃപ്തികരമായ മുഴുവൻ വാഹനങ്ങളിലും ‘Checked min’ പതിപ്പിക്കും. ഫിറ്റ്നസ് എടുത്തിട്ടില്ലാത്ത സ്കൂൾ വാഹനങ്ങൾക്ക് ചട്ടപ്രകാരമുള്ള ഫീസ് ഒടുക്കി ഫിറ്റ്നസ് എടുക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും പൊന്നാനി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
പൊന്നാനി താലൂക്കിലെ മുഴുവൻ സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്കും മെയ് 28 നു പൊന്നാനി എം.ഇ.എസ് കോളജിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. ക്ലാസിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട ഡ്രൈവർമാർ തങ്ങളുടെ അസൽ ഡ്രൈവിംഗ് ലൈസൻസ്, ബന്ധപ്പെട്ട സ്കൂളിൽ നിന്നുള്ള ഓതറൈസേഷൻ ലെറ്റർ എന്നിവയും കൊണ്ടുവരണം.പരിശോധനയിൽ പങ്കെടുക്കാത്ത വാഹനങ്ങൾക്കെതിരെയും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാത്ത ഡ്രൈവർമാർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും പൊന്നാനി ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Sharing is caring!