പുഴയില്‍ പോയി കാണാതായ മലപ്പുറത്തെ വയോധികയുടെ മൃതദേഹം ലഭിച്ചു

പുഴയില്‍ പോയി കാണാതായ മലപ്പുറത്തെ വയോധികയുടെ മൃതദേഹം ലഭിച്ചു

മലപ്പുറം: മലപ്പുറം വടപുറത്ത് 68കാരി വീട്ടില്‍നിന്നും പോയത് പുഴയില്‍ അലക്കാനും കുളിക്കാനുമെന്ന് പറഞ്ഞ്. അവസാനം പിറ്റേദിവസം പ്രഭാതസവാരിക്ക് ഇറങ്ങിയവര്‍ കണ്ടത് പുഴയില്‍ പൊങ്ങി കിടക്കുന്ന മൃതദേഹം.വടപുറം സ്വദേശി പരേതനായ മുക്കാട്ട് ജെയിംസിന്റെ ഭാര്യ ഏലിയാമ്മ (68) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ആറു മണിയോടെ കുതിരപ്പുഴയില്‍ കണ്ടെത്തിയത്. പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് വടപുറം പാലത്തിനിടയില്‍ പുഴയില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫയര്‍ ഫോഴ്സും ഇആര്‍എഫ് സംഘങ്ങളുമെത്തി മൃതദേഹം പുറത്തെടുത്തു. നിലമ്പൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച്ച പുലര്‍ച്ചെ 5.30 ഓടെയാണ് വടപുറം ഫുഡ് ഗേറ്റിന് സമീപത്തെ വീട്ടില്‍ നിന്നും ഏലിയാമ്മ പുഴയിലേക്ക് എന്നു പറഞ്ഞു ഇറങ്ങിയത്.
കുളിക്കാനും അലക്കാനുമായി ഇവര്‍ പുഴയില്‍ പോകാറുണ്ടായിരുന്നു. ശനിയാഴ്ച പുഴയില്‍ പോയതിനു ശേഷംഏലിയാമ്മ തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം നാലുമണി വരെ ഫയര്‍ ഫോഴ്‌സും ഇആര്‍എഫും ചേര്‍ന്ന് പുഴയിലും തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ ഏഴുമണിയോടെ തെരച്ചില്‍ പുനരാംരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

 

Sharing is caring!